'ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ പ്രായോഗികമല്ല'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി

Published : Dec 16, 2022, 11:11 AM ISTUpdated : Dec 16, 2022, 01:23 PM IST
'ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ പ്രായോഗികമല്ല'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി

Synopsis

വെബ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.  

കോട്ടയം: ബഫർ സോണിൽ സംസ്ഥാന സർക്കാർ നടത്തിയ ആകാശ സർവേയ്‍ക്ക് എതിരെ വിമർശനവുമായി ജോസ് കെ മാണി.ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ല. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

അതേസമയം ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ രൂക്ഷവിമര്‍ശനം നടത്തി. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. 

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോ‍ർട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. 

കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവ്വേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. സ്ഥല പരിശോധന നടത്തി പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നടപടികള്‍ക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ