
പാലക്കാട്: സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധം എന്ന് വെളിപ്പെടുത്തി പാലക്കാട് എസ്പി. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങൾ ആണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രതികളുമായി പൊലീസ് തെളിവെടുത്തു.
ഷാജഹാൻ കൊലക്കേസിൽ കൂടുതൽ വ്യക്തത വരികയാണ്. കൊലയിലേക്ക് നയിച്ച കാര്യങ്ങളെ പൊലീസ് നിരൂപിക്കുന്നത് ഇങ്ങനെയാണ്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികൾ പാർട്ടിയുമായി അകന്നു. ഇതിനു പുറമെ, രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നവീൻ, അനീഷ്,ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നവീനെ പൊള്ളാച്ചിയിൽ നിന്നാണ് പിടികൂടിയത്. മറ്റുള്ളവരെ മലമ്പുഴ കവയിൽ നിന്നും. പ്രതികൾ ഒളിച്ചിരുന്ന കോഴിമലയിൽ എത്തിച്ചു പൊലീസ് തെളിവെടുത്തു. ഷാജഹാനെ വെട്ടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന കുന്നങ്കാട് പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.
നാലുപേര് കൂടി കസ്റ്റഡിയിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളുടെ എണ്ണം എട്ടിൽ കൂടാം എന്നാണ് എസ്പി പറഞ്ഞത്.
ഗൂഢാലോചന, സഹായം എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൃത്യത്തിന് ശേഷം പ്രതികൾ പാലക്കാട് ചന്ദ്ര നഗറിൽ ഉള്ള ബാറിൽ എത്തി മദ്യപിച്ചിക്കുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Also: കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറിൽ, ഷാജഹാൻ കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam