
ആലപ്പുഴ: സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല. സിപിഐയുടെ പുതിയ വാദം സ്വീകാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ലോകായുക്ത എടുക്കുന്ന തീരുമാനത്തിന്‍റെ പുറത്ത് അപ്പീലിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കണമെന്നും കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ക്ക് ഭൂരിപക്ഷം വേണമെന്നുമാണ് സിപിഐ വാദം. വീര വാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി ഇതിലൂടെ പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്. സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. കണ്ണിൽ പൊടിയിടാനാണ് സിപിഐയുടെ പുതിയ നിർദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു. ആകെയുള്ള പ്രതീക്ഷ ലോകായുക്ത ആയിരുന്നു. കേരളത്തിൽ ലോകായുക്ത പല്ലില്ലാത്ത ജീവിയാകുമെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്ത നിയമഭേദഗതിയിൽ മന്ത്രിസഭായോഗത്തിൽ സിപിഐ എതിർപ്പ് അറിയിച്ചിരുന്നു.
ലോകയുക്ത നിയമ ഭേദഗതി; എതിർപ്പ് ഉന്നയിച്ച് സിപിഐ, മന്ത്രിസഭയിൽ ഭിന്നത
ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് ഉന്നയിച്ച് സിപിഐ. ബില്ലിൽ മാറ്റം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ചത്. ഓർഡിനൻസിന് പകരമുള്ള ബില്ലിൽ മാറ്റം ഇപ്പോൾ കൊണ്ട് വന്നാൽ നിയമ പ്രശ്നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചർച്ച പിന്നീട് ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചർച്ച ഇല്ലെങ്കിൽ സഭയിൽ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബിൽ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചർച്ചയിൽ ഉയരുന്ന നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി രാജീവ് അറിയിച്ചത്. വിശദമായ ചർച്ച വേണം എന്ന നിലപാട് സിപിഐ മന്ത്രിമാർ ആവർത്തിച്ചു. ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാരിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ കടുത്ത എതിർപ്പാണ് ഉയർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam