
കോട്ടയം: എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാത്തലിക് ഫോറം പ്രസിഡന്‍റ് ബിനു ചാക്കോയ്ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. അറസ്റ്റ് വിവരമറിഞ്ഞ് 20 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി കോട്ടയം വെസ്റ്റ് പൊലീസിനെ സമീപിച്ചത്.ഒരു കോടി രൂപ ഇയാള്‍ പലരില്‍ നിന്നും തട്ടിയെന്നാണ് പൊലീസ് നിഗമനം.
കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസിലാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ നൗഷാദാണ് പരാതിക്കാരൻ. റെയില്‍വേ ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയില്‍ കുറുവിലങ്ങാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
ചങ്ങനാശേരി സ്വദേശിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടി. ജയിലിലെ പരിചയം വച്ച് മോഷ്ടാവിനെ കൊണ്ട് ബിവറേജില്‍ മോഷണം നടത്തിയതിന് ഗാന്ധിനഗര്‍ പൊലീസിലും ബിനുവിനെതിരെ കേസുണ്ട്. ക്രൈബ്രാഞ്ച് അന്വേഷിക്കുന്ന നിരവധി ചെക്ക് കേസുകളിലും ഇയാള്‍ പ്രതിയാണ്. എറണാകുളത്തും പാലക്കാടും സമാനമായ കേസുകളുണ്ട്.ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരുകയാണ്.
ആഡംബര ജീവിതം നയിച്ചിരുന്ന ബിനുചാക്കോ എറണാകുളത്തും പാലക്കാടും താമസിച്ച ശേഷം വാടക നല്‍കാതെ മുങ്ങിയ നിരവധി പരാതികളുണ്ട്. ബിഷപ്പുമാരുടേയും വൈദികരുടേയും ഫോട്ടോയും മറ്റും കാണിച്ചാണ് ആലപ്പുഴ സ്വദശിയില്‍ നിന്ന് 21 ലക്ഷം തട്ടിയത്. എറണാകുളത്ത് നിന്നാണ് ബിനുചാക്കോയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam