കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.
മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്. അതേസമയം ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. വിവാഹ ആലോചനക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവർ തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജൂൺ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ഇവർ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam