തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതല്‍ കർശന നിയന്ത്രണങ്ങൾ; ചാല, പാളയം മാർക്കറ്റിൽ പകുതി കടകള്‍ മാത്രം

By Web TeamFirst Published Jun 25, 2020, 6:33 AM IST
Highlights

 ജില്ലയിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലെ പ്രത്യേക സോണുകളിൽ സ്രവപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ചാല, പാളയം മാർക്കറ്റിൽ ഇന്ന് മുതൽ 50 ശതമാനം കടകൾ മാത്രമേ തുറക്കു. പഴം പച്ചക്കറി മാർക്കറ്റുകളിൽ ഇന്നല ചെറിയ ഇളവുകൾ നൽകിയിരുന്നു. മാളുകളിൽ തിരക്കേറിയ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കു. ജില്ലയിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലെ പ്രത്യേക സോണുകളിൽ സ്രവപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ പക്കലുളള കിറ്റുകള്‍ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച് എല്‍ എല്ലിന് നിര്‍ദ്ദേശം നല്‍കി. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്‍റി ബോഡി ദ്രുതപരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പതിനായിരം പേരെ പരിശോധിച്ചു. ആശുപത്രി ജീവനക്കാര്‍ പൊലീസുകാര്‍ എന്നിവരടക്കം ഹൈറിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം അല്ലാത്തവരേയും പരിശോധിച്ചു. പരിശോധിച്ച പലര്‍ക്കും  ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികിത്സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായി എന്ന് ചുരുക്കം. 

തുടര്‍ന്ന്  രണ്ടാം ഘട്ടത്തിൽ എച്ച് എല്‍ എല്ലില്‍ നിന്ന് 15000 കിറ്റുകള്‍ കൂടി വാങ്ങി , ഈ കിറ്റുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള്‍ കൂടുതലും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സെന്‍സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബിൽ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട്  നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചെടുക്കാൻ നിര്‍ദ്ദേശം നല്‍കിയത്. 


 

click me!