'ജാതീയമായി അധിക്ഷേപിച്ചു', നെയ്യാർ പൊലീസിനെതിരെ കൂടുതൽ പരാതികൾ; വിശദീകരണവുമായി പൊലീസ്

By Web TeamFirst Published Nov 27, 2020, 10:48 AM IST
Highlights

സ്റ്റേഷനിൽ പരാതി പറയാൻ എത്തിയപ്പോൾ ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി കേൾക്കാൻ തയ്യാറായില്ലെന്നും പള്ളിവേട്ട കോളനി നിവാസി പുഷ്പലത  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: പരാതിക്കാരനെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ വിവാദത്തിലായ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനെതിരെ കൂടുതൽ പരാതികളുയരുന്നു. സ്റ്റേഷനിൽ പരാതി അറിയിക്കാൻ എത്തിയപ്പോൾ ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി കേൾക്കാൻ തയ്യാറായില്ലെന്നും തിരുവനന്തപുരം പള്ളിവേട്ട കോളനി നിവാസി പുഷ്പലത  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സുദേവന്റെ പരാതിയിൽ സ്ഥലംമാറ്റപ്പെട്ട എഎസ്ഐ ഗോപകുമാറിനെതിരെയാണ് പുതിയ ആരോപണവും ഉയരുന്നത്. പരാതി നൽകാനെത്തിയ തന്നെ ജാതീയമായി അധിക്ഷേപിച്ചു. പരാതി കേൾക്കാൻ തയ്യാറായില്ല. പിന്നീട് നിരന്തരം കോളനിയിൽ എത്തി അപമാനിച്ചുവെന്നും പുഷപലത ആരോപിക്കുന്നു. ഓണഘോഷത്തിനിടയുണ്ടായ സംഘർഷത്തെ തുടർന്ന്  2018ൽ പുഷപലതയുടെ വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുഷപലത നെയ്യാർ സ്റ്റേഷനിലെത്തിയിരുന്നത്. 

'അധിക്ഷേപിച്ചത് മകളുടെ മുന്നിൽവെച്ച്, മദ്യപിച്ചിരുന്നില്ല', പരാതി കേൾക്കാനും തയ്യാറായില്ലെന്ന് സുദേവൻ

അതിനിടെ സ്റ്റേഷനെതിരെ ഉയരുന്ന പരാതികളിൽ വിശദീകരണവുമായി നെയ്യാർ പൊലീസ് രംഗത്തെത്തി. സുദേവന്റെ പരാതി പരിഹരിച്ചതാണെന്നും മനപൂർവം പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. മറ്റ് ആരോപണങ്ങൾ ശരിയല്ല. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും നെയ്യാർ പൊലീസ് വിശദീകരിക്കുന്നു. 

 

click me!