തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറിൽ പരാതി പറയാൻ സ്റ്റേഷനിലെത്തിയ ആളെ മകളുടെ സാന്നിധ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൊലീസ് സ്റ്റേഷനിൽ തനിക്കു നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും വീഡിയോ ചിത്രീകരിക്കാനിടയായ സാഹചര്യത്തെകുറിച്ചും പരാതിക്കാരനായ സുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സുദേവന്റെ വാക്കുകൾ 

കുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിലാണ് നെയ്യാർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഗോപകുമാറിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ നിന്റെ കേസ് മാത്രമല്ല ഉള്ളതെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. മകൾക്കൊപ്പമായിരുന്നു പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ താൻ മദ്യപിച്ചാണ് എത്തിയതെന്നായിരുന്നു പൊലീസിന്റെ ആരോപണം. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന മകളും അച്ഛൻ മദ്യപിച്ചിട്ടില്ലെന്ന്  പൊലീസിനോട് പറഞ്ഞെങ്കിലും മകളോടും പൊലീസ് തട്ടിക്കയറുകയായിരുന്നുവെന്നും സുദേവൻ പറഞ്ഞു. 

എഎസ് ഐയുടെ പെരുമാറ്റം കടുത്ത മനോവിഷമം ഉണ്ടാക്കി. മകളുടെ മുന്നിൽ വച്ചാണ് തന്നെ അധിക്ഷേപിച്ചത്. താൻ മദ്യപിച്ചിരുന്നില്ല. പരാതി കേൾക്കാൻ കൂടി പൊലീസ് തയ്യാറായില്ല. മേൽ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉള്ളപ്പോഴായിരുന്നു അധിക്ഷേപം. മേൽ ഉദ്യോഗസ്ഥർക്ക്  എഎസ്ഐയെ വിലക്കമായിരുന്നു. അതുമുണ്ടായില്ല. പരാതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും മേൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും സുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

കഴിഞ്ഞ ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. വീഡിയോ ചർച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് പിന്നീട് സ്ഥലംമാറ്റി.