തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം തുടരുന്നു, കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളാക്കി

By Web TeamFirst Published Jul 4, 2020, 7:55 AM IST
Highlights

രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഈ പ്രദേശത്ത് താമസിക്കുന്ന പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ 

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം. കൂടുതൽ മേഖലകള്‍ കണ്ടെയിൻമെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്,  ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിൻമെന്‍റ് സോണുകളാക്കിയത്. 

കൂടാതെ നിലവിൽ കണ്ടെയിൻമെൻറ് സോണുകളായ ആറ്റുകാൽ (വാർഡ് - 70 ), കുരിയാത്തി (വാർഡ് - 73), കളിപ്പാൻ കുളം (വാർഡ് - 69) മണക്കാട് (വാർഡ് - 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് - 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

കൊവിഡ്  സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

click me!