
തൃശ്ശൂർ: ജില്ലയിലെ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടവല്ലൂർ, കാട്ടകാമ്പാൽ, കടങ്ങോട്, ചൂണ്ടൽ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മത്സ്യ മാർക്കറ്റുകൾ, പൊതുസ്ഥലത്തെ മീൻ വില്പന കേന്ദ്രങ്ങൾ, സൈക്കിളിലും വാഹനത്തിലും ഉള്ള മീൻ വില്പന എന്നിവ നിരോധിച്ചു.
പൊന്നാനി മേഖലയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യങ്ങൾ വന്നിരുന്നത്. എന്നാൽ അവിടെ കോവിഡ് രോഗബാധ ഏറിയ സാഹചര്യത്തിൽ രണ്ടാഴ്ച്ചയായി പട്ടാമ്പിയിൽ നിന്നാണ് മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്. കടവല്ലൂർ പഞ്ചായത്തിൽ മാത്രം 100 ഓളം പേർ നിരീക്ഷണത്തിലായിട്ടുണ്ട്
തൃശ്ശൂർ ജില്ലയിൽ 42 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. കൈനൂരിലെ ബിഎസ്എഫ് ക്യാംപിലെ ഏഴ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെയും ക്യാംപിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തുടരുന്ന പട്ടാമ്പിയിൽ നിന്നും സമ്പർക്കത്തിലൂടെ ജില്ലയിലെ 7 പേർക്ക് രോഗം പിടിപ്പെട്ടു. കോടശ്ശേരി സ്വദേശിയായ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും രോഗമുണ്ട്.
ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 04, 14, വാർഡുകൾ, മറ്റത്തൂരിലെ 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി 9-ാം വാർഡ്, പോർക്കുളം 3-ാം വാർഡ്, ചേലക്കര 17-ാം വാർഡ്, അളഗപ്പനഗർ 7-ാം വാർഡ്, പുത്തൻച്ചിറ 6-ാം വാർഡ്, കടവല്ലൂർ 12, 13 വാർഡുകൾ, വരന്തരപ്പിളളി 9-ാം വാർഡ്, ദേശമംഗലം 11, 13, 14, 15 വാർഡുകൾ, വരവൂർ 8, 9 വാർഡുകൾ, മാള 16-ാം വാർഡ്, തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam