ചെല്ലാനത്ത് കൊവിഡ് അതിതീവ്രവ്യാപനം; ടിപിആര്‍ 73 %, മെഡിക്കല്‍ സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നു

By Web TeamFirst Published May 26, 2021, 2:43 PM IST
Highlights

രണ്ടുദിവസം പരിശോധിച്ചതിന്‍റെ കണക്കെടുത്താൽ ചെല്ലാനത്തെ നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമാണ്. 108 പേരെ ഇന്നലെ പരിശോധിച്ചതിൽ 79 പേർക്കും കൊവിഡ്.

കൊച്ചി: കടലേറ്റത്തിന് പിന്നാലെ കൊച്ചി ചെല്ലാനത്ത് കൊവിഡിന്റെ അതിതീവ്രവ്യാപനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനത്തിലെത്തി. കടലേറ്റത്തിന് മുമ്പേ ജില്ലയിലെ ഏറ്റവും കൂടിയ കൊവിഡ് കണക്കായിരുന്നു ചെല്ലാനത്തേത്. വേലിയേറ്റത്തോടെയത് സംസ്ഥാനത്തെ തന്നെ ഉയർന്ന നിലയിലേക്കെത്തുകയാണ്. 300 പേരെ വെച്ചാണിപ്പോൾ രണ്ട് കേന്ദ്രങ്ങളിലായി പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

രണ്ടുദിവസം പരിശോധിച്ചതിന്റെ കണക്കെടുത്താൽ ചെല്ലാനത്തെ നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമാണ്. 108 പേരെ ഇന്നലെ പരിശോധിച്ചതിൽ 79 പേർക്കും കൊവിഡ്. 14,15,16 വാർ‍ഡുകളിലുണ്ടായ കടൽക്ഷോഭത്തിൽ വീട് വിട്ടിറങ്ങിയവർക്ക് മാനദണ്ഡങ്ങൾ പാലിക്കാൻ പോയിട്ട് മാസ്ക് ധരിക്കാൻ പോലുമിട കിട്ടിയില്ല. മൂന്നുദിവസത്തോളം അസുഖബാധിതരടക്കം കൂട്ടത്തോടെ പുറത്തിറങ്ങിയതോടെയാണ് കൊവിഡും കുത്തനെ കൂടിയത്.

തെക്കെ ചെല്ലാനം ലിയോ സ്കൂളിൽ 47 കിടക്കകളോടെ ഇന്ന് ഡൊമിലിസറി കെയർ സെന്റർ പ്രവർത്തനം തുടങ്ങി. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന രണ്ട് മെഡിക്കൽ സംഘങ്ങൾ ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സഹായം ആവശ്യമാകുന്നവരെ കുമ്പളങ്ങിയിലെ ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്.

click me!