കൊച്ചിയിൽ കൊവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണം കൂടുതൽ കടുപ്പിക്കാൻ പൊലീസ്

By Web TeamFirst Published Aug 4, 2020, 7:24 AM IST
Highlights

നിയന്ത്രിത മേഖലയിലേക്കുള്ള പ്രവേശനം പൊലീസ് പരിശോധനക്ക് ശേഷമായിരിക്കും. ഇന്നലെ 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 116 ആയി.

കൊച്ചി: രോഗവ്യാപനം രൂക്ഷമായതോടെ കൊച്ചി നഗരസഭയുടെ പശ്ചിമ കൊച്ചി മേഖലയിൽ വരുന്ന 28 ഡിവിഷനുകളിൽ പൊലീസ് ഇന്നു മുതൽ നിയന്ത്രണം കൂടുതൽ കർശനമാക്കും. ആലപ്പുഴ, തൃശൂർ ജില്ലകളിലെ ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുന്നത് ആശങ്ക കൂട്ടിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചി മെഖലയിൽ രോഗവ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രിയും പറഞ്ഞതോടെയാണ് ഫോർട്ട്കൊച്ചി, പള്ളുരുത്തി, മട്ടാഞ്ചേരി, കുമ്പളങ്ങി തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നലെ ഇവിടെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് അശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. 

നിയന്ത്രിത മേഖലയിലേക്കുള്ള പ്രവേശനം പൊലീസ് പരിശോധനക്ക് ശേഷമായിരിക്കും. ഇന്നലെ 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 116 ആയി. ആലുവ ക്ലസ്റ്ററിൽ പുതിയതായി 15 പേർക്ക് രോഗം സ്ഥിരികരിച്ചതിൽ 12 പേരും ചൂർണ്ണിക്കര സ്വദേശികളാണ്. കോതമംഗലം നെല്ലിക്കുഴിയിൽ 10 പേർക്കും പറവൂർ കോട്ടുവള്ളി മേഖലയിൽ 5 പേർക്കും കൊവിഡ് ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗ ബാധയുണ്ടായി.

ജില്ലയിൽ ഒൻപതു പഞ്ചായത്തുകളിലെ പതിനൊന്നു വാർഡുകൾ പുതിയതായി കണ്ടെയ്ൻമെൻറ് സോണാക്കി. പതിനൊന്നു പഞ്ചായത്തുകളിലെ മുപ്പത്തി മൂന്നു വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി. ആലുവ നഗരസഭ, ചെല്ലാനം പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളും ഇതിലുൾപ്പെടും.

101 പേർക്ക് രോഗം സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 85 പേ‍ർക്കാണ് സമ്പര്‍ക്കം വഴി രോഗം. ചെട്ടിക്കാട് ക്ലസ്റ്ററിൽ 17 പേർക്ക് കൂടി വൈറസ് ബാധയുണ്ട്. തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 85 ൽ 68 പേർക്കും സമ്പർക്കം വഴിയാണ് രോഗം. കെഎസ്ഈ ക്ലസ്റ്ററിൽ 11 പേ‍ർക്കും ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇടുക്കിയിൽ 26 പേർക്കും കോട്ടയത്ത് 35 പേർക്കുമാണ് ഇന്നലെ രോഗം ബിധിച്ചത്. രോഗ വ്യാപനം തുടരുന്ന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ ശക്തമായ നിയമ നടപടിയും നേരിടേണ്ടി വരും

click me!