പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നതിനായി പട്ടാമ്പിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖലയാക്കി. പൊതുഗതാഗതം നിരോധിച്ചു. അതേസമയം, ദീർഘ ദൂര ബസുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ട്. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. മത്സ്യ മാർക്കറ്റിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർക്കറ്റ് ഇന്നലെ അടച്ചിരുന്നു.
പട്ടാമ്പി മത്സ്യമാർക്കറ്റ് അടച്ചതിനു പിന്നാലെ അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും ഇന്ന് അടച്ചിരുന്നു. മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് ആന്റിജൻ പരിശോധന പുരോഗമിക്കുകയാണ്. അതേസമയം, ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതിൽ ഒരാള്‍ മലപ്പുറത്ത് ജോലി നോക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവറാണ്. 24 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 270 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കുമരംപുത്തൂർ, തൃത്താല സ്വദേശികളായ രണ്ട്, 14 വയസുള്ള ആൺകുട്ടികളും മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും. നാല് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പാലക്കാട് സ്വദേശികൾ മലപ്പുറത്ത് ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam