സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും

By Web TeamFirst Published Jul 12, 2020, 6:31 AM IST
Highlights

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നത്.  

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. സ്വപ്നയുടെ സംഘവും ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലെ ഹോട്ടലില്‍ ആയിരുന്നു. പിന്നീട് കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെയും സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോൾ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

Also Read: പ്രതികളെ കുടുക്കിയത് സന്ദീപ് വിളിച്ച ഫോൺ കോൾ, പിടിയിലായത് ഫ്ലാറ്റിൽ വെച്ച്, സ്വപ്‌നക്കൊപ്പം കുടുംബവും

അതേസമയം, കസ്റ്റംസ് ഓഫീസുകളിൽ സിഐഎസ്എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി.

Also Read: സ്വർണക്കടത്ത്: കസ്റ്റംസ് ഓഫീസുകൾക്കും അസിസ്റ്റന്റ് കമ്മീഷണർക്കും സിഐഎസ്എഫ് സുരക്ഷ

click me!