കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി; സ്വകാര്യമേഖലയിൽ അടക്കം കൂടുതൽ കേന്ദ്രങ്ങൾ

By Web TeamFirst Published Mar 5, 2021, 7:21 AM IST
Highlights

കൊവിൻ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള സംവിധാനം സജ്ജമാക്കും. കൊവിൻ ആപ്പിൽ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒഴിവാക്കാനും തീരുമാനമായി.
 

തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവര്‍ത്തനം തുടങ്ങി. കൊവിൻ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള സംവിധാനം സജ്ജമാക്കും. കൊവിൻ ആപ്പിൽ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒഴിവാക്കാനും തീരുമാനമായി.

വാക്സിനെടുക്കാനെത്തുന്ന 60 വയസിന് മുകളിലുള്ളവരുടേയും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവരുടേയും തിരക്കേറിയതോടെ പലര്‍ക്കും രജിസ്റ്റര്‍ ചെയ്ത സമയത്ത് കുത്തിവയ്പ്പെടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നത് വലിയ പരാതികള്‍ക്കിടയാക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി. തിരുവനന്തപുരത്ത് കൂടുതൽ പേര്‍ കുത്തിവയ്പ്പെടുക്കാനെത്തിയ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് പുതിയ രജിസ്ട്രേഷൻ നല്‍കില്ല.

ഇവിടങ്ങളില്‍ പുതിയതായി രജിസ്ട്രേഷൻ കിട്ടിയവരുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നല്‍കും. നിലവില്‍ ടോക്കണ്‍ നല്‍കിയവര്‍ക്ക് ആദ്യഡോസ് നല്‍കി കഴിയുന്ന മുറയ്ക്ക് ആകും ഇവിടെ പുതിയ രജിസ്ട്രേഷൻ നടത്തുക. ഓരോ സ്ഥലങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി സ്വകാര്യ ആശുപത്രികള്‍ വരെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി സജ്ജമാക്കും. ഓരോ ദിവസത്തേയും പട്ടിക അച്ചടി സാമൂഹിക മാധ്യമങ്ങൾ വഴി പൊതുജനത്തെ അറിയിക്കും.

ജില്ലാ തലത്തിലുള്ള ആശുപത്രികളില്‍ പരമാവധി 300പേര്‍ക്കും ഉപജില്ല തലത്തിലെ ആശുപത്രികളില്‍ 200 പേര്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 100 പേര്‍ക്കും ഒരു ദിവസം വാക്സീൻ നല്‍കും. വാക്സിനേഷൻ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ ടോക്കണ്‍ സംവിധാനം തുടരും. ടോക്കണുകളുടെ എണ്ണം നിജപ്പെടുത്തി രാവിലേയും ഉച്ചയ്ക്ക് ശേഷവും എന്ന ക്രമത്തിലാകും കുത്തിവയ്പ് നല്‍കുക.

click me!