
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സംഗീതിന്റെ സഹോദരൻ സമ്പത്ത് മൂന്നാം പ്രതി. കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒന്നാം പ്രതി ക്ലർക്ക് സംഗീതും ഇടനിലക്കാരൻ അനിൽകുമാറും ചേർന്ന് കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതായാണ് കണ്ടെത്തൽ. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം നടന്നത് 45 രജിസ്ട്രേഷനുകളാണ്. ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയ 14 കോടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്തിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്. അതേസമയം, അന്വേഷണം അട്ടിമറിക്കാനായി പ്രതികൾ വ്യാജരേഖകൾ നിർമിച്ചതായും കണ്ടത്തി. ക്യാൻസർ രോഗിയെന്ന് വരുത്തിതീർക്കാൻ ക്ലർക്ക് സംഗീത് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. പിടിക്കപ്പെട്ടതോടെ മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റും നൽകി. രണ്ട് സ്വകാര്യ ആശുപത്രിയാണ് സർട്ടിഫിക്കറ്റ് നൽകിയത്. സംഗീതിന്റെ ഭാര്യ നൽകിയ ഡിവോഴ്‌സ് നോട്ടീസിലും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് വിജിലൻസ്. സ്വത്തുക്കൾ തൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീതിൻ്റെ ഭാര്യയുടെ വക്കീൽ നോട്ടീസ്. ഇത് തയാറാക്കിയത് മൂന്നാം പ്രതി സമ്പത്ത് ആണ്.
ലോട്ടറി ഏജൻറുമാരും തൊഴിലാളികളും അടിച്ചിരുന്ന അംശാദായമാണ് ക്ലർക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്കും കോണ്‍ട്രാക്ടറായ അനിലിൻെറ അക്കൗണ്ടിലേക്കും മാറ്റിയത്. ക്ഷേമനിധി ബോർഡിൻെറ സിഇഒമാരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽപോലും വ്യാജരേഖയുണ്ടാക്കി ബാങ്കുകളിൽ നിന്നും പണം പിൻവലിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam