
കൊച്ചി: ശബരിമലയുടെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദ്വാരപാലക ശിൽപം സ്വർണം പൂശുന്നതിനായി ബെംഗളൂരുവിലെ വ്യവസായിയായ അജികുമാർ 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജികുമാർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കോവിഡിനെ തുടർന്ന് 2020ൽ അജികുമാർ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്. പണം മുടക്കിയ അജികുമാറിന്റെ കുടുംബ വീട് ഇവിടെയാണ്. ഒരു രാത്രിയും ഒരു പകലും ദ്വാരപാലക ശിൽപങ്ങൾ ഇവിടെ പൂജകൾക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വ്യവസായിയായ അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ 35 ലക്ഷം രൂപ അജികുമാർ മുടക്കിയതെന്നും സഹോദരൻ അനിൽ പറഞ്ഞു.
കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിലും ശബരിമലയിലെ വാതിൽ പാളി എത്തിച്ചിരുന്നതായി വിവരങ്ങൾ. 2019 മാർച്ച് 10നാണ് എത്തിച്ചത്. ക്ഷേത്രത്തിൽ അന്ന് പൂജകൾ നടന്നിരുന്നു. കൂടാതെ അന്ന് ക്ഷേത്രത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ജയറാം ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നതായും ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്ന് നടന്ന പൊതുസമ്മേളനതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും പങ്കെടുത്തു. 2019ൽ രഥ ഘോഷയാത്രയായിട്ടാണ് സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ വാതിൽ പാളികൾ ശബരിമലയിൽ എത്തിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണവും നൽകിയിരുന്നു. എരുമേലി വഴി പമ്പയിലേക്കാണ് എത്തിച്ചത്. പമ്പയിലെ സ്ട്രോങ്ങ് റൂമിൽ ഒരു ദിവസം വെക്കുകയും ചെയ്തിരുന്നതായി ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇളംമ്പള്ളി ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിലെ ഭരണസമിതിയുടെ സെക്രട്ടറി ആയിരുന്നു സി കെ വാസുദേവൻ.