
തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാർക്ക് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയോട് അലർജിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനം പ്രോജക്ട് നൽകാത്തതു കൊണ്ടാണ് പദ്ധതികൾ അനുവദിക്കാൻ കഴിയാത്തതെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനം നിലനിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്നു കൊടുക്കാൻ കഴിയില്ല. ആലപ്പുഴയിൽ നിന്നോ അതിരപ്പള്ളിയിൽ നിന്നോ ഒരു ടൂറിസം പദ്ധതി കൊടുക്കാൻ മുഖ്യമന്ത്രിയുടെ മരുമകന് സമയമില്ല. മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഒഡീഷ മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും സുരേഷ് ഗോപിയെ കണ്ടു. തമിഴ്നാട്ടിലെ ടൂറിസം മന്ത്രി നാലുതവണയാണ് സുരേഷ് ഗോപിയുമായി ചർച്ച നടത്തിയത്. കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ് ഗോപിയെ അലർജിയാണ്. പിന്നെങ്ങനെയാണ് വികസനം കൊണ്ടുവരാൻ കഴിയുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയിൽ ബിജെപിക്കുള്ളിലും തർക്കം തുടരുകയാണ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെ, കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് എം.ടി രമേശ്. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും, ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും എംടി രമേശ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam