
തൃശ്ശൂർ: തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രവിയുടെ ശരീരത്തുണ്ടായിരുന്ന പരിക്കുകള്‍ വണ്ടി തട്ടിയുണ്ടായതാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്.
സംഭവത്തിൽ പൊലീസ് നടത്തിയ വിശദ പരിശോധനക്കൊടുവിലാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പിന്നിലെ നംപര്‍ മറച്ച കറുത്ത ഷെവര്‍ലേ കാര്‍ അതുവഴി പോകുന്നത് ശ്രദ്ധയില്‍ പെട്ടത്. കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.
23ാം തീയതി രാത്രി വിശാലും കുടുംബവും പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിവരുന്ന സമയത്താണ് സംഭവം. വിശാലിന്‍റെ വീടിന് മുമ്പിൽ ഇരുട്ടത്ത് മദ്യലഹരിയിൽ ഉറങ്ങി കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേക്ക് എടുത്തപ്പോൾ രവിയുടെ ശരീരത്ത് കയറി അപകടമുണ്ടാകുകയായിരുന്നു. മരിച്ചെന്ന് മനസ്സിലാക്കിയപ്പോള്‍ മൃതദേഹം ഒളിപ്പിക്കാൻ വേണ്ടി പാടത്ത് തള്ളുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശാലിനെതിരെ തെളിവ് നശിപ്പിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഭാര്യയെയും പിതാവിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam