അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സർക്കാർ നിയമിക്കുന്നത്. കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഹരീന്ദ്രനാഥ് പ്രതികരിച്ചു. സിസ്റ്റർ റാണിറ്റുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത്.
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചുള്ള സർക്കാർ വിജ്ഞാപനം ഉടൻ. അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സർക്കാർ നിയമിക്കുന്നത്. കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഹരീന്ദ്രനാഥ് പ്രതികരിച്ചു. സിസ്റ്റർ റാണിറ്റുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത്.
മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നൽകാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ പരാതിക്കാരി സിസ്റ്റർ റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് അനുവദിച്ച അഭിമുഖത്തിലാണ്, സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായുള്ള നീണ്ടു പോകുന്ന കാത്തിരിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. നാല് വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കാത്തതിന്റെ സങ്കടം സി റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു. മുഖം പരസ്യപ്പെടുത്തി, ഉറച്ച സ്വരത്തിൽ സിസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ തുറന്നുപറച്ചിലിനൊടുവിലാണ് സർക്കാരിന്റെ നടപടി. മുൻ നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ് കേസിൽ ഇനി സ്പെഷ്യൽ പ്രോസിക്യൂട്ടർ.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സർക്കാരും സിസ്റ്റർ റാണിറ്റും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നിൽക്കുമ്പോൾ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്നായിരുന്നു സിസ്റ്റർ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്.
2025 ഫെബ്രുവരിയിൽ കോട്ടയം എസ്പിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. നിസ്സാര കാരണം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ആവശ്യം തള്ളി. ഒടുവിൽ നവംബറിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടും പരാതി നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതിനൊടുവിലായിരുന്നു സിസ്റ്റർ റാണിറ്റ് തന്റെ സങ്കടം തുറന്നുപറഞ്ഞത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ, സിസ്റ്റർ റാണിറ്റ് നടത്തിയ പോരാട്ടമാണ് ഫലം കാണുന്നത്. സിസ്റ്ററുടെ കൂടി അഭ്യർത്ഥന പരിഗണിച്ചാണ് അഡ്വ. ബിജി ഹരീന്ദ്രനാഥിനെ നിയോഗിച്ചത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റർ റാണിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സിസ്റ്റർ ഉൾപ്പെടെ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് പേർക്ക് റേഷൻ കാർഡും അനുവദിച്ചിരുന്നു.



