പഞ്ചായത്ത് ലൈസൻസില്ലാതെ ഇനി ആയിരം കോഴികളെ വരെ വളർത്താം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

By Web TeamFirst Published Sep 23, 2020, 1:13 PM IST
Highlights

ഇതുവരെ അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരക‍ർഷകർക്കും പഞ്ചായത്ത് ലൈസൻസ് നി‍ർബന്ധമായിരുന്നു. ഇനി മുതൽ 20 പശുക്കളിൽ കൂടുതലുണ്ടെങ്കിൽ മാത്രം ലൈസൻസ് എടുത്താൽ മതിയാവും.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി ക‍ർഷകരുടെ ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്താൻ ഇന്ന് ചേ‍ർന്ന മന്ത്രിസഭായോ​ഗം അനുമതി നൽകി. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയർത്തുവാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. 

ഇതുവരെ അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരക‍ർഷകർക്കും പഞ്ചായത്ത് ലൈസൻസ് നി‍ർബന്ധമായിരുന്നു. ഇനി മുതൽ 20 പശുക്കളിൽ കൂടുതലുണ്ടെങ്കിൽ മാത്രം ലൈസൻസ് എടുത്താൽ മതിയാവും. ഇതിനായി പഞ്ചായത്ത് മുൻസിപ്പൽ ചട്ടം ഭേദ​ഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. കൊസ്സം മൺട്രോത്തിന് അടുത്ത് പെരുമണിൽ പുതിയ പാലം നിർമ്മിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. 

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സെക്രട്ടേറിയറ്റിന് തീയിട്ടതെന്ന വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മന്ത്രിസഭായോഗത്തിൽ ധാരണയായത്. ഇതിനായി സംസ്ഥാന സർക്കാർ പ്രസ് കൗൺസിലിനെ സമീപിക്കും. 

ദേശീയതലത്തിൽ വലിയ വിവാദം സൃഷ്ടിച്ച ക‍ർഷകബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്. ക‍ർഷകബില്ലിനെ ചോദ്യം ചെയ്ത കോടതിയിൽ പോകുന്ന ആദ്യസംസ്ഥാനമായി ഇതോടെ കേരളം മാറുകയാണ്.  സംസ്ഥാനത്തിൻ്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും. ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭായോ​ഗം വിലയിരുത്തി. 

ദേശീയതലത്തിൽ ക‍ർഷകരുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിയ ബില്ലിനെ സുപ്രീംകോടതിയിൽ എത്തി എതിർക്കുന്നത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സ‍ർക്കാരിന്റേയും സിപിഎമ്മിൻ്റേയും കണക്കുകൂട്ടൽ. അകാലിദൾ അടക്കമുള്ള എൻഡിഎ ഘടകക്ഷികളിൽ നിന്നും വിമ‍ർശനം നേരിടുന്നതിനിടെയാണ് ബിജെപി ക‍ർഷകബില്ലുമായി മുന്നോട്ട് പോകുന്നത്. 

click me!