ദത്തെടുക്കൽ വിവാദം; സി‍ഡബ്ല്യൂസിയുടെ കള്ളക്കളിക്ക് തെളിവായി വാട്സ് ആപ്പ് ചാറ്റ് പുറത്ത്

By Web TeamFirst Published Oct 31, 2021, 8:54 AM IST
Highlights

വാട്സ്അപ്പിലൂടെ എല്ലാം കിട്ടി വായിച്ച് മനസിലാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതിയും കേട്ട ശേഷം നേരിട്ട് പരാതി സ്വീകരിക്കാതെ കുഞ്ഞിനെ ദത്ത് കൊടുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. 

തിരുവനന്തപുരം: ദത്ത് കൊടുക്കും മുമ്പ് അനുപമ കുഞ്ഞിനെ തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സിറ്റിംഗില്‍ പങ്കെടുത്തത് ജനന സര്‍ട്ടിഫിക്കറ്റടക്കം കുഞ്ഞിനെക്കുറിച്ചറിയാവുന്ന എല്ലാ വിവരങ്ങളും സഹിതമെന്ന് വ്യക്തമായി. ഇത് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പൊലീസില്‍ നല്‍കിയ പരാതിയും വാട്സ്ആപ്പിലൂടെ കിട്ടിയെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഏപ്രില്‍ 22ന് നടന്ന 18 മിനുട്ട് സിറ്റിംഗ്. എല്ലാ വിവരവും കിട്ടിയിട്ടും സി‍ഡബ്ല്യൂസി കുഞ്ഞിനെ തിരിച്ചുനല്‍കാനുള്ള നടപടിയെടുത്തില്ല എന്നതിന്‍റെ തെളിവുകളാണ് ഇതോടെ പുറത്തുവരുന്നത്. 

കുഞ്ഞിനെ ദത്ത് കൊടുക്കുന്നതിന് മൂന്നര മാസം മുമ്പ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അനുപമ ഒന്നും പറഞ്ഞില്ലെന്നായിരുന്നു സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദയുടെ നിലപാട്. കൊവിഡായതിനാല്‍ നേരിട്ട് വരേണ്ടെന്നും പരാതി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കാമെന്നും ചൈല്‍‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അ‍ഡ്വ. എന്‍ സുനന്ദ അനുപമയെ അറിയിക്കുകയായിരുന്നു. അതിന് മുമ്പായി കുഞ്ഞിനെക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ വാട്സഅപ്പ് വഴി കൈമാറണമെന്നും പറഞ്ഞു. ഏപ്രില്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ഒക്ടോബര്‍ 22 ന് രാത്രി അച്ഛനും അമ്മയും ചേര്‍ന്ന് എടുത്ത് കൊണ്ടുപോയതും എല്ലാം വിശദീകരിച്ച് പൊലീസിന് നല്‍കിയ പരാതിയും ഇങ്ങനെ വാട്സ്അപ്പ് വഴി അയച്ചുകൊടുത്തു.

ഇതെല്ലാം വായിച്ച ശേഷമാണ് 45 മിനുട്ട് കഴിഞ്ഞ് വീഡിയോ കോണ്‍ഫറന്‍സ് വഴി സിഡബ്ല്യൂസി അനുപമയുടെ പരാതി കേട്ടത്. എന്നിട്ടും സി‍ഡ‍ബ്ല്യൂസി ചെയര്‍പേഴ്സണ്‍ പച്ചക്കളളം പരസ്യമായി പറഞ്ഞു. ഒന്നും അറിയില്ലെന്ന് ആവർത്തിച്ചു. വാട്സ്അപ്പിലൂടെ എല്ലാം കിട്ടി വായിച്ച് മനസിലാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതിയും കേട്ട ശേഷം നേരിട്ട് പരാതി സ്വീകരിക്കാതെ കുഞ്ഞിനെ ദത്ത് കൊടുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. 

എന്നാലിക്കാര്യമെല്ലാം ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു എന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ തന്നെ പറയുന്നുണ്ട്. കുഞ്ഞിനെ തേടി അമ്മ വന്നിരുന്നു എന്ന വിവരം മറച്ചുവെച്ചാണ് എല്ലാവരും ചേര്‍ന്ന് ദത്ത് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഓടി നടന്നത് എന്നതും ഈ രേഖകൾ വ്യക്തമാക്കുന്നു. 

click me!