പിഎസ്‍സി തട്ടിപ്പ്: ചോദ്യപേപ്പര്‍ ഹാളില്‍ നിന്നും എറിഞ്ഞു കൊടുത്തെന്ന സംശയത്തില്‍ പൊലീസ്

By Web TeamFirst Published Nov 11, 2019, 12:22 PM IST
Highlights

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് നടത്തിയ ദിവസം ജോലിക്ക് ഹാജരായി എന്ന വ്യാജരേഖയുണ്ടാക്കിയതിന് കേസിലെ പ്രതിയായ ഗോകുലിനും ഇയാളെ സഹായിച്ച മൂന്ന് പൊലീസുകാര്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പിഎസ്‍സി പരീക്ഷാതട്ടിപ്പില്‍ പുതിയ സംശയങ്ങളുമായി ക്രൈംബ്രാഞ്ച്. പിഎസ്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ നേരിട്ട് തട്ടിപ്പുകാരിലേക്ക് എത്തിയോ എന്ന സംശയമാണ് പൊലീസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 

പരീക്ഷാഹാളിലേക്ക് എത്തും മുന്‍പ് വാട്സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി എന്നായിരുന്നു നേരത്തെ പ്രതികള്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഈ മൊഴി കളവാണെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പരീക്ഷാഹാളില്‍ നിന്നും ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞിരിക്കാനുള്ള സാധ്യതയാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. 

ചോദ്യപേപ്പറിന്‍റെ ഫോട്ടോയെടുത്ത് വാട്സാപ്പ് വഴി യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി പ്രവീണിന് കൈമാറിയെന്നായിരുന്നു കേസിലെ മുഖ്യപ്രതി നസീം പൊലീസിന് നല്‍കിയിരുന്ന മൊഴി.  നസീമിന്‍റെ മൊഴിയില്‍ പറയുന്ന പ്രവീണ്‍ കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസില്‍ കീഴടങ്ങിയത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രവീണിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. 

അതിനിടെ പരീക്ഷാതട്ടിപ്പിലെ പ്രധാനപ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഗോകുലിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. പിഎസ്‍സി പരീക്ഷാ തട്ടിപ്പ് നടത്തിയ ദിവസം ജോലിക്ക് ഹാജരായി എന്ന വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഈ വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടുനിന്ന മൂന്ന് പൊലീസുകാരെ കൂട്ടി കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. എസ്എപി ക്യാംപിലെ പൊലീസുകാരായ രതീഷ്, എബിന്‍, ലാലു രാജ് എന്നിവരെയാണ് കേസില്‍ പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. 

click me!