
കോട്ടയം: ഇടത് മുന്നണി മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജോസ് പക്ഷത്ത് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുൻ കോട്ടയം ജില്ലാ പ്രസിഡന്‍റുമായിരുന്ന ഇജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരും. ആഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കുമെന്നാണ് സൂചന.
ജോസഫ് എം പുതുശേരിക്ക് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് കൂടി ജോസ് പക്ഷം വിടുന്നു. 25 വര്‍ഷം കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്‍റായിരുന്ന ഇ ജെ ആഗസ്തി കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. 2017 ല്‍ കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരളാ കോൺഗ്രസ് സിപിഎം പിന്തുണയോടെ അധികാരത്തിലെത്തിയതിൽ പ്രതിഷേധിച്ച് ആഗസ്തി ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയെങ്കിലും പാര്‍ട്ടിയില്‍ സജീവമായിരുന്നു. ജോസ് കെ മാണി ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം ആഗസ്തിയുടെ അസാന്നിധ്യം ചര്‍ച്ചയായി.
കഴിഞ്ഞ ദിവസം പിജെ ജോസഫും മറ്റ് നേതാക്കളും ആഗസ്തിയുടെ മോനിപ്പള്ളിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മോൻസ് ജോസഫിന് പകരം ആഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അല്ലെങ്കില്‍ മറ്റെതെങ്കിലും സുപ്രധാന പദവിയാണ് വാഗ്ദാനം. വരുന്ന ചൊവ്വാഴ്ച കോട്ടയത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ആഗസ്തി പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ജോസ് പക്ഷത്തെ പരമാവധി നേതാക്കളേയും പ്രവര്‍ത്തകരേയും മറുകണ്ടം ചാടിക്കാനാണ് പി ജെ ജോസഫിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നീക്കം.
തദ്ദേശത്തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതിന്‍റെ ആവേശത്തിലാണ് ജോസ് പക്ഷം. ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പരമാവധി സീറ്റ് നല്‍കി കൊഴിഞ്ഞ് പോക്ക് തടയും. അടുത്തയാഴ്ച സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ മധ്യകേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ജോസ് കെ മാണി വിഭാഗവും പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam