കൊവിഡ് വ്യാപന ഭീതിയിൽ കോഴിക്കോട്: നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

By Web TeamFirst Published Jul 6, 2020, 5:56 PM IST
Highlights

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്.എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. 

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കൂടിയ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുവിലും നഗരത്തിൽ കൂടുതൽ കർശനമായും നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടവും കോഴിക്കോട് കോർപ്പറേഷൻ അധികൃതരും തീരുമാനിച്ചു. സമൂഹവ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനുളള നടപടികളുടെ ഭാഗമായാണ് തീരുമാനം.

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്.എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവടങ്ങളില്‍  വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി.  വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും ഒരോ വഴികള്‍ മാത്രമേ അനുവദിക്കുകയുള്ളു.   

വലിയങ്ങാടിയില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്കും ഇവിടെനിന്ന് ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഉണ്ടാകും.  മറ്റ് സ്ഥലങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ വലിയങ്ങാടിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി രജിസ്ട്രേഷന്‍ നടത്തും. വാഹനത്തിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. രജിസ്ട്രേഷനു ശേഷം  ടോക്കണ്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ വലിയങ്ങാടിയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. 

ടോക്കണില്‍  വാഹനം എത്തിയ ദിവസം, സമയം എന്നിവ  രേഖപ്പെടുത്തും. വാഹനങ്ങള്‍ നിര്‍ബന്ധമായും അതേദിവസം തന്നെ ജില്ല വിട്ടുപോകണം.  ജീവനക്കാര്‍ ഒരു കാരണവശാലും വാഹനത്തിന് പുറത്തിറങ്ങാനോ മറ്റ് കടകളില്‍ കയറിയിറങ്ങാനോ പാടില്ല.  ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികള്‍ വാഹനത്തില്‍ എത്തിച്ചുനല്‍കും.

വലിയങ്ങാടിക്കകത്തുള്ള എല്ലാ ക്രോസ് റോഡുകളും അടച്ചിടും . ഇവിടങ്ങളിലെ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.  വലിയങ്ങാടിക്കകത്തെ താമസക്കാര്‍ക്ക്  റസിഡന്‍സ് അസോസിയേഷനുകളുടെയും കച്ചവടക്കാര്‍ക്ക് അവരുടെ സംഘടനകളുടെയും നേതൃത്വത്തില്‍ ബാഡ്ജുകള്‍ നല്‍കണം.  സാമൂഹിക അകലം പാലിച്ചു മാത്രമേ കടകളില്‍ ഉപഭോക്താക്കളെ അനുവദിക്കാവൂ.  

എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ടതും എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.  ഈ പ്രദേശങ്ങളില്‍ അഞ്ചില്‍ കൂടുതലാളുകള്‍ ഒത്തുചേരാന്‍ അനുവദിക്കില്ല.   തൊഴിലാളികള്‍ വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന മുറികളില്‍ അണുനശീകരണം നടത്തേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്നും ജില്ലാ കളക്ട‍ർ അറിയിച്ചു. 

പിടി ഉഷ റോഡിലെ ഫ്ളാറ്റിലെ താമസക്കാർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്യുകയും പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റിവ് ആകുകയും ചെയ്തത് കൊണ്ട് മാത്രമാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. 

ഇതുവഴി ഫ്ളാറ്റിലെ പതിനൊന്ന് താമസക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തി.  ഇക്കാര്യം അറിയാതെ പോയിരുന്നുവെങ്കിൽ ഫ്ലാറ്റിലെ സ്ഥിതി കൂടുതൽ രൂക്ഷമാകുമായിരുന്നു. ഈ സാഹചര്യത്തിൽ മിഠായിത്തെരുവിലും വലിയങ്ങാടിയിലും നിയന്ത്രണം കൊണ്ടുവരുമെന്നും കോർപ്പറേഷനിലെ അടച്ചിട്ട വാർഡുകളിൽ സ്രവ പരിശോധന കൂട്ടിയെന്നും മേയർ അറിയിച്ചു. 

ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കർശന നടപടികളിലേക്ക് പോകേണ്ടിവരും. പൊതു സ്ഥലങ്ങളിൽ ഇടപെടുന്ന പൊലീസ് - അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരടക്കം എല്ലാവരുടെയും സ്രവം ആഴ്ചയിൽ ഒരു തവണ വീതം പരിശോധിക്കുന്നുണ്ടെന്നും ഇനിയും കൊവിഡ് കേസുകൾ കൂടിയാൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള ക‍ർശന നടപടികൾ വേണ്ടി വരുമെന്നും മേയ‍ർ മുന്നറിയിപ്പ് നൽകി. 

click me!