അതിര്‍ത്തികള്‍ അടയ്ക്കും; തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം

By Web TeamFirst Published Apr 20, 2020, 9:36 PM IST
Highlights

ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചുകൊണ്ട് നാളെ മുതല്‍ കര്‍ശന പരിശോധന നടത്തും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കനത്ത നിയന്ത്രണം. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം  കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി. ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചുകൊണ്ട് നാളെ മുതല്‍ കര്‍ശന പരിശോധന നടത്തും. മരുതൂർ, വെട്ടൂറോഡ്,  വഴയില, പ്രാവച്ചമ്പലം, കുണ്ടമണ്‍കടവ്,  മുക്കോല തുടങ്ങിയ സ്ഥലങ്ങളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കു. 

ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ തിരുവനന്തപുരം എംസി റോഡിലടക്കം ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയിൽ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകൾ നീണ്ട ക്യൂ. ചിലയിടങ്ങളിൽ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു. കാട്ടാക്കടയിൽ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട്  വിലക്ക് ലംഘിച്ച് ഓട്ടോകൾ നിരത്തിലറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു. 

അതേസമയം ഹോട്ട്‍സ്‍പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു. 

click me!