സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Published : Jun 04, 2026, 11:03 AM IST
Kerala white paper

Synopsis

സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് സർക്കാർ പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു. വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ തുടങ്ങിയ നിർബന്ധിത ചെലവുകൾക്ക് പോകുമ്പോൾ, കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും കടുത്ത പ്രതിസന്ധിയിലാണ്. 

ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം, സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയെന്ന് സർക്കാർ സഭയിൽ വച്ച ധവളപത്രത്തിൽ. ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനമാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു. ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ. കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് പുതിയ സർക്കാരിന് മേൽ വലിയൊരു തുക കുടിശ്ശികയായി നിലനിൽക്കുന്നുണ്ട്. ജീവനക്കാരുടെ ഡി എ ഇനത്തിൽ 21,670 കോടിയും, പെൻഷൻകാരുടെ ഡി. ആർ ഇനത്തിൽ 14,387 കോടിയും കുടിശ്ശികയാണ്. കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിനുണ്ട്.

ദൈനംദിന ട്രഷറി ഇടപാടുകൾക്കായി സംസ്ഥാനം റിസർവ് ബാങ്കിന്റെ വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റുകളെയും അമിതമായി ആശ്രയിക്കുന്നു. 2024-25 വർഷത്തിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു.

കിഫ്ബി നേരിടുന്ന പ്രതിസന്ധി

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലാകും. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും (ഉദാഹരണത്തിന് കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചു) റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നു.

കെ.എസ്.ആർ.ടി.സി , കെ.എസ്.ഇ.ബി , വാട്ടർ അതോറിറ്റി എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ഈ നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം. ഇവയുടെ സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽ നിന്ന് സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബെവ്കോ -സപ്ലൈകോ ലയനം, ഖജനാവിന് ഭാരമാകാതെ പൊതുമേഖലാ സ്ഥാപനങ്ങൾ സാമ്പത്തിക വളർച്ച കൈവരിക്കണം'; ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ
കടുത്ത സാമ്പത്തിക പ്രശ്നം! ധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം