'ഞാൻ പോറ്റിയതാ, എത്ര രസമുള്ള പഴങ്ങൾ, കണ്ണിൽ നിന്ന് വെള്ളം വരുന്നു'; വേരറുത്തതിന്‍റെ വേദന താങ്ങാനാകാതെ മുഹമ്മദ്

Published : Feb 23, 2024, 09:18 AM IST
'ഞാൻ പോറ്റിയതാ, എത്ര രസമുള്ള പഴങ്ങൾ, കണ്ണിൽ നിന്ന് വെള്ളം വരുന്നു'; വേരറുത്തതിന്‍റെ വേദന താങ്ങാനാകാതെ മുഹമ്മദ്

Synopsis

കൂട്ടുപുഴ മുതൽ തലശ്ശേരി വരെ മണ്ണിനടിയിൽ കൂട്ടിമുട്ടും മുഹമ്മദ് നട്ട മരങ്ങളുടെ വേരുകൾ. ഈ തണലിൽ ആളുകള്‍ വിശ്രമിക്കുമ്പോള്‍ സന്തോഷം. ജീവിതത്തിലൊന്നും ബാക്കിയുണ്ടാവില്ല. ഇതേ ബാക്കിയുണ്ടാവൂ എന്ന് മുഹമ്മദ്

കണ്ണൂർ: മരങ്ങളെ ജീവന്‍റെ ജീവനായി കാണുന്നൊരാള്‍. കണ്ണൂർ മട്ടന്നൂരിലെ പുതിയ സർക്കാർ കെട്ടിടത്തിന് മുന്നിലെ മരം പിഴുതുമാറ്റിയപ്പോൾ ആകെ സങ്കടപ്പെട്ട മനുഷ്യൻ. ഒരു നാട്, വഴിയരികിലെ തണലിന് മുഹമ്മദിനോട് കടപ്പെട്ടിരിക്കുന്നു.

"ഞാൻ പോറ്റിയ മരമാണിത്. എന്തുചെയ്യാനാ? അതിന്‍റെ വിഷമം ഇവരറിയുന്നുണ്ടോ? എന്ത് രസമുള്ള പഴങ്ങളാ. അവസാനമൊരു നോട്ടം കാണാൻ പറ്റി. എന്‍റെ ദയനീയവസ്ഥ പറയുകയാണ്. കണ്ണിൽ നിന്ന് വെള്ളം വരുന്നു. ഒരാഴ്ച ഞാനുറങ്ങിയിട്ടില്ല"-  നട്ടും നനച്ചും കാത്തതിന്‍റെ വേരറുത്ത വേദനയാണ് മുഹമ്മദ് പങ്കുവെച്ചത്. 

മുഹമ്മദ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒപ്പം ഊണും ഉറക്കവുമില്ലാതെ മരങ്ങള്‍ നട്ടുവളർത്തുന്നു. 600 മരത്തിലധികം ഇതുവരെ നട്ടുവളർത്തി. കൂട്ടുപുഴ മുതൽ തലശ്ശേരി വരെ മണ്ണിനടിയിൽ കൂട്ടിമുട്ടും മുഹമ്മദ് നട്ട മരങ്ങളുടെ വേരുകൾ. ഓരോ മരം നടാനും 1000 രൂപയിലധികം ചെലവുണ്ട് മുഹമ്മദിന്. റിങ് ഇടുന്നതും വെള്ളം ഒഴിക്കുന്നതും വളമിടുന്നതും പരിചരിക്കുന്നതുമെല്ലാം മുഹമ്മദ് തനിച്ചാണ്. ജീവിതത്തിലൊന്നും ബാക്കിയുണ്ടാവില്ല. ഇതേ ബാക്കിയുണ്ടാവൂ എന്ന് മുഹമ്മദ് പറയുന്നു. സ്വന്തം കുട്ടികളെ നോക്കുന്നതുപോലെയാണ് മുഹമ്മദ് മരങ്ങളെ പരിചരിക്കുന്നതെന്ന് നാട്ടുകാർ. സ്കൂട്ടറില്‍ വെള്ളം കൊണ്ടുവന്ന്, വളമിട്ട്, കൊമ്പ് വലുതാകുമ്പോള്‍ അതുവെട്ടി- കഷ്ടപ്പെട്ടിങ്ങനെ തൈപിടിപ്പിക്കുകയാണ് അദ്ദേഹം. 

"റോഡ് സൈഡില്‍ ഈ തണലിൽ ജനങ്ങള്‍ വിശ്രമിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോണ്‍ ചെയ്യുന്നു. ഇരിക്കാനായി അഞ്ചാറ് ബെഞ്ചും ഞാനിട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാരും എന്‍റെ മരത്തിന് കീഴിൽ കച്ചവടം ചെയ്യുന്നു. പിന്നെ പക്ഷികളുടെ വീടാണ് ആ മരങ്ങള്‍. ഇതെല്ലാം കാണുമ്പോള്‍ എനിക്ക് സന്തോഷമാ"- പെരുംചൂടിന്‍റെ കാലത്ത്, ആ സന്തോഷത്തണലൊന്നും വെട്ടല്ലേ എന്ന് മാത്രം. തന്‍റെ കൈ മുറിക്കുന്നതുപോലെയാണ് കൊമ്പ് മുറിക്കുമ്പോഴെന്ന് മുഹമ്മദ്. വൈദ്യുതി ലൈനിന്‍റെ താഴെയൊക്കെ ആണെങ്കില്‍ മരത്തിന്‍റെ മുകള്‍ഭാഗമൊക്കെ മുറിക്കുക. അല്ലാതെ മുഴുവനായി മുറിക്കുന്നത് വേദനയാണെന്ന് മുഹമ്മദ് പറയുന്നു. 

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ