
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. ഭീമമായ കുടിശ്ശിക വരുത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ആറര കോടിയിലേറെയാണ് രൂപയാണ് ഒരു വര്‍ഷത്തെ കുടിശികയായി സി-ഡിറ്റിന് നല്‍കാനുള്ളത്.
ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് പുതിയ പ്രതിസന്ധി. ഫെസിലിറ്റി മാനേജ്മെന്‍റ് പ്രോജക്ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സേവനത്തിനുള്ള തുക നല്‍കിയിട്ടില്ല. ആറുകോടി 58 ലക്ഷം കടന്നു കുടിശിക. ഇതോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് സി-ഡിറ്റ് നല്‍കിയിരുന്നു. അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് ഒന്നുമുതല്‍ സേവനം നല്‍കില്ല. സി-ഡിറ്റില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ച ശേഷം മാത്രം നിലവിലെ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാഫുകള്‍ സേവനം തുടര്‍ന്നാല്‍ മതിയെന്നും അറിയിപ്പ് കൊടുത്തിട്ടുണ്ട്. അതേസമയം 17 വര്‍ഷമായി മോട്ടോര്‍വാഹന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നുണ്ട്. ഈയിനത്തില്‍ സര്‍ക്കാരിലേക്ക് എത്തിയത് കോടികളാണ്. സി-ഡിറ്റിന് മോട്ടോര്‍വാഹന വകുപ്പ് നല്‍കാനുള്ള തുകയുടെ ആറിരട്ടിയിലധികമാണ് കഴിഞ്ഞ തവണ പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്സ് ഫീയായി പിരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam