
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്‍ഡ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപക റെയ്ഡ്.
സംസ്ഥാനത്തെ 117 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ റെയ്‍ഡില്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആറ് വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് നടുക്കുന്ന കണ്ടെത്തല്‍. ഇവയില്‍ ഏറെയും ലോക്ക് ഡൗണ്‍ കാലത്തുതന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ലൈംഗികമായി കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ 47 പേരില്‍ ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്. മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടറുകളും, ഹാര്‍ഡ് ഡിസ്കുകളുമടക്കം 143 ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 89 കേസുകളും ചുമത്തി. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരുന്നു റെയ്‍ഡ്. പൊലീസ് ആസ്ഥാനത്ത് എഡിജിപി മനോജ് എബ്രഹാം റെയ്‍ഡ് നടപടികള്‍ ഏകോപിപ്പിച്ചു. കുട്ടികളുടെ അശ്ലീല ചിത്ര പ്രചാരണത്തിന് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam