വന്ദേഭാരത് മിഷൻ; അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് ഉള്ള ആദ്യ വിമാനം ജൂലൈ 2ന്

By Web TeamFirst Published Jun 27, 2020, 7:07 PM IST
Highlights

കൊച്ചിയിലേക്കാണ് വിമാനം. ദില്ലി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുക.

കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാ​ഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും. കൊച്ചിയിലേക്കാണ് വിമാനം. ദില്ലി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുക.

നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തിൽ മാത്രം അമേരിക്കയിൽ നിന്ന്  നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ജൂലൈ മൂന്നിന് തുടങ്ങുന്ന  നാലാം ഘട്ടത്തിലും അമേരിക്കയിൽ
നിന്ന് ഒരു വിമാനം കേരളത്തിലേക്കുണ്ടാകും.

അതേസമയം,ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ  ചെന്നൈ, മംഗളൂരു, ഹൈദരബാദ്‌, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്കറ്റിൽ നിന്ന് സർവീസുകൾ ഉണ്ടാകുമെന്ന് എംബസിയുടെ അറിയിപ്പിൽ പറയുന്നു. 

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയിൽ  സലാലയിൽ നിന്നും സർവീസുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ സലാലയിലുള്ള പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.  മസ്കറ്റ് ഇന്ത്യൻ ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കായിരിക്കും നാലാം ഘട്ടത്തിലും ഇന്ത്യയിലേക്ക് മടങ്ങുവാൻ അവസരം ലഭിക്കുക.

അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണനയെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ഇതുവരെ മുപ്പത് വിമാന സർവീസുകളാണ് ഒമാനിൽ നിന്ന് കേരളത്തിലേക്ക് പ്രവാസികളുമായി  മടങ്ങിയിട്ടുള്ളത്. ഇതിലൂടെ  5400ഓളം യാത്രക്കാർക്ക് മാത്രമേ ഇതുവരെ കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുള്ളൂ.

മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന സർവീസുകൾ ജൂൺ 28ന‌് തിരുവനന്തപുരത്തേക്കും ജൂൺ 29ന് കൊച്ചിയിലേക്കും ജൂൺ 30ന് കണ്ണൂരിലേക്കും മസ്കറ്റിൽ നിന്ന് പുറപ്പെടും. 


 

click me!