അപ്പീൽ കാലം കഴിയുന്നോ? കോഴിക്കോട്ടെ കലോത്സവത്തിലേക്കുള്ള ഭൂരിഭാഗം അപ്പീലുകളിലും തീരുമാനമായില്ല

Published : Dec 29, 2022, 11:30 AM IST
അപ്പീൽ കാലം കഴിയുന്നോ? കോഴിക്കോട്ടെ കലോത്സവത്തിലേക്കുള്ള ഭൂരിഭാഗം അപ്പീലുകളിലും തീരുമാനമായില്ല

Synopsis

ഏറ്റവും കൂടുതൽ പരാതി ഉയർന്ന തിരുവന്തപുരം ജില്ലയിൽ നിന്നും 206 അപ്പീലുകളെത്തിയപ്പോൾ അനുവദിച്ചത് 26 എണ്ണം മാത്രമാണ്

തൃശ്ശൂർ: എല്ലാക്കാലത്തും കലോത്സവങ്ങളിലെ വില്ലനാണ് അപ്പീൽ. വിധിനിർണയം നീതിപൂർവകമായിരുന്നുവെന്ന് ബോധ്യപ്പെടുത്താൻ സംഘാടകർക്ക് കഴിയാതെ പോകുമ്പോഴാണ് ജില്ലാ കലോത്സവങ്ങളിൽ അപ്പീലുകൾ കുന്നുകൂടുന്നത്. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ട് സംസ്ഥാന കലോത്സവം തിരിച്ചെത്തുമ്പോഴും അപ്പീലിൻറെ പിൻബലത്തിൽ ആയിരത്തോളം കുട്ടികൾ അരങ്ങിലെത്തും. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇതു തീരെ കുറവാണ് എന്നതാണ് ശ്രദ്ധേയം. 

പന്ത്രണ്ട് വർഷമായി സ്കൂൾ കലോത്സവങ്ങൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിൻ്റെ ചുമതലക്കാരിയാണ് കുന്നംകുളം ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപിക രാജശ്രീ ടീച്ചർ. ഇക്കുറി സ്കൂളിന് അനുവദിച്ചത് രണ്ട് അപ്പീലുകളാണെന്ന് ടീച്ചർ പറയുന്നു. വേറെ രണ്ടെണ്ണം കോടതിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോടിന് വണ്ടി കയറുമ്പോൾ തൃശൂർ ജില്ലയിൽ നിന്ന് മാത്രം അനുവദിച്ച അപ്പീലുകൾ 29 എണ്ണമാണ്. 

ഏറ്റവും കൂടുതൽ പരാതി ഉയർന്ന തിരുവന്തപുരം ജില്ലയിൽ നിന്നും 206 അപ്പീലുകളെത്തിയപ്പോൾ അനുവദിച്ചത് 26 എണ്ണം മാത്രമാണ്. പത്തു ശതമാനം അപ്പീൽ നൽകിയാൽ മതിയെന്ന തീരുമാനം മറികടന്ന് കോഴിക്കോട്ട് നാല്പത് ശതമാനം അപ്പീൽ അനുവദിച്ചെന്ന വിവാദവും ഇതിനിടെ ഉയർന്നു. കോടതി ഉത്തരവിലൂടെ എത്തുന്നവരുടെ കണക്ക് രണ്ടാം തീയതി രജിസ്ട്രേഷനോടെ മാത്രമേ വ്യക്തമാകൂ. 

അപ്പീൽ കാര്യത്തിൽ നിയമ സംവിധാനങ്ങളും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ലോകായുക്തയിൽ വന്ന നൂറോളം അപേക്ഷകളിൽ. രണ്ടെണ്ണത്തിലേ കഴമ്പുള്ളതായിക്കണ്ട് തുടർനടപടികൾക്ക് അനുമതി നൽകിയിട്ടുള്ളൂ. ഒന്നിൽപ്പോലും ഉത്തരവ് വന്നിട്ടുമില്ല. 2018-ൽ വ്യാജ അപ്പീലുകൾ പിടിച്ചതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ, അപ്പീലുകൾ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ നൽകുന്നത് നിർത്തി. 

ഹൈക്കോടതിയും രണ്ട് അപ്പീലുകൾ പരിഗണിക്കാനുള്ള ഉത്തരവേ ഇതുവരെ നൽകിയിട്ടുള്ളൂ. സംസ്ഥാന സ്‌കൂൾകലോത്സവത്തിൽ മത്സരിക്കാൻ അപ്പീലുകൾ വാരിക്കോരി കിട്ടിയിരുന്നകാലം തീരുന്നു എന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അപ്പോഴും താഴെ തട്ടിലുള്ള പിഴവിൽ അവസരം നഷ്ടമായ കുട്ടികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'