പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി

Published : Jan 17, 2026, 06:18 AM IST
girl murder

Synopsis

പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ബാക്കി

മലപ്പുറം: റയിൽവെ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കി. പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടന്ന് വരാമെന്നും പെൺകുട്ടി പറഞ്ഞു. പക്ഷെ രാത്രിയായിട്ടും അവൾ വീടെത്തിയില്ല. ആധിയിലായ വീട്ടുകാർ ഫോണിൽ പലതവണ തിരിച്ചുവിളിച്ചു. ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബം പൊലീസിനെ അറിയിച്ചു. കരുവാരകുണ്ട് പൊലീസ് നാട് അരിച്ചുപെറുക്കി.

മൊഴിയിലെ വൈരുദ്ധ്യം, ചോദ്യംചെയ്തപ്പോൾ നടുക്കുന്ന വിവരങ്ങൾ

പരിസരവാസിയായ പ്ലസ് വൺ വിദ്യാർത്ഥിയുമായി പെൺകുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതാണ് കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16 കാരന്‍റെ വീട്ടിലെത്തി. അപ്പോഴും ഒന്നും അറിയില്ലെന്ന് മറുപടി. പെൺകുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൌമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയിൽ പെട്ട പൊലീസ് 16 കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്.

വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വച്ചായിരുന്നു അരുംകൊല. പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോൾ കഴുത്ത് ഞെരിച്ച് കൊന്നെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. കൃത്യത്തിന് ശേഷം കൗമാരക്കാരൻ ഏറെ ദൂരം നടന്ന് പോയ ശേഷം തൊടിയപ്പുലം റെയിൽവേ സ്റ്റേഷനടുത്തെ ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു. സ്റ്റേഷനിൽ പോയി ഇരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് വിളിച്ചറിയിച്ചതോടെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ഒടുവിൽ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയുടെ വീട്ടുകാർ സംഭവം അറിഞ്ഞത്.

സ്ഥിരമായി ക്ലാസിൽ കയറാത്ത ആളാണ് കുറ്റസമ്മതം നടത്തിയ വിദ്യാർത്ഥി. ലഹരിക്ക് അടിമയാണെന്ന ആരോപണമുണ്ടെങ്കിലും ഇതിന് മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി രേഖകളില്ല. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെയാണ് പോസ്റ്റുമോർട്ടം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ