
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു. മകൾ മോചിതയാകുമെന്ന വിവരങ്ങളാണ് തനിക്ക് ഇതുവരെ ലഭിച്ചതെന്നും പുതിയ വാർത്തകൾ നീതിനിഷേധമാണെന്നും ബിന്ദു പറഞ്ഞു. നിമിഷയുടെ മകളെ അഫ്ഗാൻ തടവറയിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ എന്താണ് തടസമെന്നും ബിന്ദു ചോദിക്കുന്നു.
നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിക്കുന്നതിൽ ഒരു വർഷമായി കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല തീരുമാനം കാക്കുകയായിരുന്നു അമ്മ ബിന്ദു. കഴിഞ്ഞ വർഷം മാർച്ച് മാസം നിമിഷയുടെത് എന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു കാത്തിരിപ്പ്. ഇന്ത്യയിലേക്ക് മടങ്ങണമെന്ന് പറയുന്ന ശബ്ദരേഖ നിമിഷയുടെതെന്ന് ബിന്ദു സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നുവെന്നാണ് ബിന്ദുവിന്‍റെ പ്രതികരണം.
2016 മുതലാണ് നിമിഷയെ തിരികെ എത്തിക്കാൻ ബിന്ദു പോരാട്ടം തുടങ്ങുന്നത്.ഭർത്താവ് ഇസക്കൊപ്പം ഐഎസിൽ ചേർന്നത് മകൾക്ക് പറ്റിയ പിഴവാണെന്നും തിരികെ എത്തിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ ബിന്ദു കണ്ടിരുന്നു. 2020-ൽ ഭർത്താവ് മരിച്ച ശേഷം നിമിഷ ജയിലിലായി എന്നറിഞ്ഞപ്പോഴും പ്രധാനമന്ത്രിക്കും,വിദേശകാര്യമന്ത്രിക്കും ബിന്ദു നിവേദനം നൽകിയിരുന്നു.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരനിൽ നിന്നും അനുകൂല ഇടപെടൽ പ്രതീക്ഷിച്ചിരുന്നുവെന്നും ബിന്ദു പറയുന്നു. നാല് വയസുള്ള നിമിഷയുടെ മകളെയെങ്കിലും തടവറയിൽ നിന്നും ഇന്ത്യയിലെത്തിക്കണമെന്നാണ് ബിന്ദുവിന്‍റെ ആവശ്യം. ജയിലിലുള്ളവരെ വിട്ടു നൽകാൻ അഫ്ഗാൻ സർക്കാർ തയ്യാറായിട്ടും ഇന്ത്യയെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കടുത്ത നിലപാട് ഔദ്യോഗികമായി ബോധ്യപ്പെട്ടാൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ബിന്ദു വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam