
തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്‍റെ വിലയേക്കാള്‍ എത്രയോ മുകളിലാണ് ജീവന്‍റെ വിലയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി.
റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു. പിഞ്ചുകുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച വ്യക്തി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കൃത്യമായി ഇടപെട്ട് കുറ്റക്കാരനെ നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ മുന്നിട്ട് ഇറങ്ങിയ മുഴുവനാളുകൾക്കും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
കാറിൽ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരന്‍ ഗണേശിനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു ആറ് വയസുകാരനെ മുഹമ്മദ് ഷിനാദ് മര്‍ദ്ദിച്ചത്.
നാട്ടുകാര്‍ ഷിനാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആദ്യം പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ഷിഹാദിന് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബ. നവംബര്‍ മൂന്നിനാണ് ഗണേഷിനെതിരെ യുവാവിന്‍റെ അതിക്രമം ഉണ്ടായത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam