
കോഴിക്കോട്: പൊലീസിന്‍റെ കണ്ണുവെട്ടിക്കാൻ കാന്തം ഘടിപ്പിച്ച ' ട്വിസ്റ്റിംഗ്' നമ്പർ പ്ലേറ്റുമായി ഇരുചക്രവാഹനങ്ങൾ. കൊട്ടേഷൻ സംഘങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുമായാണ് നിരത്തിലിറങ്ങുന്നത്. പിടിവീണാൽ ലൈസൻസ് റദ്ദാക്കൽ വരെയുളള നടപടികൾക്ക് വിധേയരാകുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും മുന്നറിയിപ്പ് നൽകുന്നു.
ഒന്ന് തൊട്ടാൽ മതി നമ്പർ പ്ലേറ്റ് പെട്ടെന്നുതന്നെ അകത്തേക്ക് മടങ്ങും. പിന്നെ ആർക്കും പിടികൊടുക്കാതെ, വാഹന നമ്പർ മറച്ചd വച്ച് തിരക്കിലേക്ക് ഊളിയിടാം. ഇരുചക്രവാഹനങ്ങളിലെ പുറകിലെ നമ്പർ പ്ലേറ്റിലെ പുതിയ ട്രെന്‍റ് ഇതാണ്. ട്രെന്‍റ് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും തലവേദനയായതോടെ നടപടി കടുപ്പിക്കാനാണ് വകുപ്പുകളുടെ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് പിടികൂടിയ ഇരുചക്രവാഹനങ്ങളിലെ നമ്പർ പ്ലേറ്റുകള്‍ ഇത്തരത്തിലുള്ളവാണ്. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, മാല പൊട്ടിക്കലും ആക്രമണങ്ങളും വരെ ശീലമാക്കിയ സംഘങ്ങളാണ് ഇത്തരം നമ്പർ പ്ലേറ്റിന്‍റെ ആവശ്യക്കാരിൽ ഏറെയുമെന്ന് പൊലീസ് പറയുന്നു.
കാന്തിക ശക്തിയിൽ പ്രവർത്തിക്കുന്ന ഇത്തരം നമ്പർ പ്ലേറ്റുകളുടെ ഘടകങ്ങൾ ഓൺലൈൻ വിപണിയിൽ സുലഭമാണ്. നിയമവിരുദ്ധമായ ഇത്തരം നമ്പർ പ്ലേറ്റ് വെച്ച് കൊടുക്കുന്ന വർക് ഷോപ്പുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് നടത്തിയ പരിശോധനയിൽ പിടിവീണത് ഇത്തരം നമ്പർ പ്ലേറ്റിന്‍റെ ആരാധകരായ നിരവധി യുവാക്കളാണ്. ഇവരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പരിശോധിക്കുകയാണ് പൊലീസ്. സൂപ്പർ ബൈക്കുകളിൽ കൗതുകത്തിന്‍റെ പേരിൽപ്പോലും ഇത്തരം നിയമ ലംഘനം നടത്തിയാൽ പിടിവീഴും. സംസ്ഥാനത്ത് ഇതിനകം ഇത്തരത്തിൽ പിടിവീണവരുടെ ലൈസൻസ് റദ്ദാക്കാനുളള നടപടികൾക്ക് മോട്ടോർ വാഹന വകുപ്പും തുടക്കമിട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam