
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന ആൻസണ് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വകുപ്പ്. ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും. ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഡ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിൻസ് ജോർജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും.
കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൺ റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആന്‍സൺ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam