കൊവിഡ് 19: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്, ബസ് ജീവനക്കാര്‍ മാസ്ക് ധരിക്കണം

By Web TeamFirst Published Mar 10, 2020, 1:36 PM IST
Highlights

യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അറിയിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധ 12 പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്‍ഫോഴ്സമെന്‍റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അറിയിച്ചത്. 

ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

1. ബുധനാഴ്ച മുതല്‍ 17 വരെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുന്‍കരുതലുകള്‍ സ്വീകരിക്കണം
2. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കി. 
3. വകുപ്പിന്‍റെ കീഴിലുള്ള വാഹനങ്ങള്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഏത് സമയവും വിട്ടുനല്‍കണം.
4. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണം.
5. ബസ് യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണം. 
6. സ്വകാര്യബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.
7. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട ബസ് സ്റ്റേഷന്‍ മാനേജ്മെന്‍റുകള്‍ ഒരുക്കണം. 

click me!