
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പാലക്കാട് എൻഫോഴ്സമെന്റ് ആർടിഒ തയ്യാറാക്കിയ റിപ്പോർട്ട് നാളെ ഗതാഗത കമ്മീഷണർക്ക് കൈമാറും. ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു.
അവിനാശി ദേശീയപാതയിൽ അപകടത്തിന് കാരണം, ടയർപൊട്ടി കണ്ടെയ്നർ ലോറി പാഞ്ഞുകയറിയതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതിനുളള സാധ്യത ആദ്യം തന്നെ മോട്ടോർ വാഹന വകുപ്പ് തളളിക്കളഞ്ഞിരുന്നു. സ്ഥലത്ത് വിശദ പരിശോധനയ്ക്ക് ശേഷമാണ് ലോറി ഡ്രൈവറുടെ കൈപ്പിഴയെന്ന നിഗമനത്തിലേക്കെത്തുന്നത്. ഇറക്കമിറങ്ങി വന്ന ലോറിയുടെ ഡ്രൈവർ ഉറക്കത്തിൽപെട്ടതോടെ, വാഹനം വലതുഭാഗത്തേക്ക് നീങ്ങുകയും തുടർന്ന് ഡിവൈഡറിലേക്ക് കയറുകയും ചെയ്തു. തുടർന്ന് ടയർപൊട്ടി കണ്ടെയ്നർ എതിർവശത്തുളള ബസിലേക്ക് ഇടിച്ചുകയറി. ഇക്കാര്യങ്ങൾ വിശദമാക്കുന്ന രൂപരേഖകൾ സഹിതമാണ് എൻഫോഴ്സ്മെന് റിപ്പോർട്ട്.
ഈറോഡിൽ പിടിയിലായ കണ്ടെയ്നർ ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധയോടെ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താൻ ഒറ്റയ്ക്കാണ് വാഹനമോടിച്ചതെന്നും കൂടെ സഹായികളാരും ഇല്ലായിരുന്നെന്നും ഹേമരാജ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് മുഖവിലയ്‍ക്കെടുത്തിട്ടില്ല. വാഹനമുടമയിൽ നിന്ന് ഇതിൽ വ്യക്തത വരുത്താനുളള ശ്രമത്തിലാണ് തമിഴ്നാട് പൊലീസ്. തിരുപ്പൂർ കോടതിയിൽ ഹാജരാക്കിയ ശേഷം അടുത്ത ദിവസമേ ഹേമരാജിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകൂ. തുടർന്നാവും അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ്. അപകടത്തെക്കുറിച്ചുളള സമഗ്ര അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കെഎസ്ആർടിസിയും സർക്കാരിന് സമർപ്പിക്കും. അടുത്ത ദിവസം തന്നെ അവിനാശിയിൽ നിന്ന് ബസ് ഏറ്റെടുത്ത് പരിശോധന നടപടികൾക്ക് തുടക്കമിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam