
തിരുവനന്തപുരം: ടിപ്പര്‍ ലോറികളും ടോറസ് ലോറികളും കാരിയര്‍ ഉയര്‍ത്തുമ്പോള്‍ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ചങ്ങനാശേരിയിലെ ടോറസ് ലോറിയുടെ കാരിയര്‍ ഉയര്‍ത്തി ടയര്‍ പുറത്തേക്ക് എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ യുവാവിന്‍റെ മരണത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ജീവനെടുക്കുന്ന അശ്രദ്ധയെന്ന തലക്കെട്ടോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ തിരുമല സ്ക്വയറിന് സമീപം മാരുതി വാനിൽ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക് ഷോപ്പിലെ ജീവനക്കാരൻ മാമ്പുഴക്കേരി നെടിയകാലപറമ്പിൽ സിജോ രാജു (28) ആണ് മരിച്ചത്. ടയര്‍ മാറുന്നതിനായി എത്തിയ ടോറസ് ലോറിയുടെ ഇരുമ്പു കാരിയര്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്‍ത്തിയശേഷം ടയര്‍ പുറത്തെടുക്കുന്നതിനിടെ 11കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ലോറിയുടെ കാരിയറിൽ നിന്ന് ടയര്‍ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിജോയ്ക്ക് ഷോക്കേറ്റത്. റോഡരികിൽ വാഹനം നിര്‍ത്തി അറ്റകുറ്റപണി ചെയ്യുന്നവര്‍ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ എംവിഡി വ്യക്തമാക്കുന്നത്. ഇരുമ്പു നിര്‍മിതമായ ലോറിയുടെ ബോഡി വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് സിജോയ്ക്ക് ഷോക്കേറ്റത്. എന്നാൽ, ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഷോക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ഇതിനുള്ള കാരണമടക്കം വിശദീകരിച്ചുകൊണ്ടാണ് എംവിഡിയുടെ മുന്നറിയിപ്പ്.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ജീവനെടുക്കുന്ന അശ്രദ്ധ
ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനം ഇലക്ടിക് ലൈനിന് കീഴിൽ നിർത്തിയിട്ട് ടയർ മാറ്റാൻ ശ്രമിക്കവെ മെക്കാനിക് ഷോക്കേറ്റ് മരിച്ചു. ഒരു ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച മരണം.
ഡ്രൈവർ ടിപ്പിംഗ് ബോഡി ഉയർത്തവെ ഇലക്ടിക് ലൈനിൽ ഇരുമ്പ് നിർമ്മിതമായ ബോഡി സ്പർശിച്ചെങ്കിലും വാഹനത്തിന്‍റെ ടയർ ഒരു ചാലകം അല്ലാത്തതിനാൽ ഡ്രൈവർക്ക് ഷോക്കേറ്റില്ല. എന്നാൽ, പാദരക്ഷകൾ ധരിക്കാതെ, തറയിൽ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്‍റെ ബോഡിയിൽ പിടിച്ച മെക്കാനിക് ഒരു ചാലകമായി വർത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്തു.
റോഡ് സൈഡിൽ നിർത്തി റിപ്പയർ ജോലി നിർവഹിക്കുന്നവർ ഇനിയെങ്കിലും ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. ഇലക്ട്രിക് ലൈനിന് സമീപം ടിപ്പർ ലോറികളിൽ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവർമാർ ശരിയായ ശ്രദ്ധ പുലർത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാം.