
പാലക്കാട്: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. 26 ശതമാനം ഓഹരി വില്‍ക്കാനുള്ള താൽപര്യപത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നീക്കത്തിനെതിരെ കഞ്ചിക്കൊട്ടെതുള്‍പ്പടെയുള്ള യൂണിറ്റുകള്‍ക്ക് മുന്നില്‍ സമരവുമായി തൊഴിലാളികള്‍ രംഗത്തെത്തി.
സൈന്യത്തിനാവശ്യമായ വാഹനങ്ങൾ , മെട്രോ കോച്ചുകൾ തുടങ്ങിയവ നിര്‍മ്മിക്കുന്ന രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനമായ ബെമലിന്‍റെ ഓഹരി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം.
പാലക്കാട് കഞ്ചിക്കോട്, ബാംഗളൂരു, മൈസൂർ , കോളാർ എന്നിങ്ങനെ നാലിടങ്ങളിലായി പതിനായിരത്തിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്ന പൊതുമേഖല സ്ഥാപനം. കേന്ദ്ര സര്‍ക്കാരിന്‍റെ കൈയ്യിലുള്ള 54 ശതമാനം ഓഹരികളില്‍ 26 ശതമാനം വിറ്റഴിക്കാനാണ് നീക്കം. സ്വകാര്യ കമ്പനികള്‍ക്ക് മാര്‍ച്ച് ഒന്നുവരെ താത്പര്യ പത്രം നല്‍കാം.
3600 കോടി വിറ്റുവരവുള്ള ബെമലിന് കഴിഞ്ഞ വര്‍ഷത്തെലാഭം 66 കോടി രൂപ. 15000 കോടി രൂപയുടെ പ്രവര്‍ത്തികളുടെ കരാര്‍ ഇപ്പോള്‍ ബെമലിന്‍റെ കയ്യിലുണ്ട്. നിര്‍മാണ കരാറുകളിലേറെയും മെട്രോയുടെത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഓഹരികള്‍ വിറ്റഴിക്കുന്നത് ആത്മഹത്യാപരമെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികളുടെ ആരോപണം.