
കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ ഇടത്തോട്ടും വലത്തോട്ടും മാറിയെങ്കിലും വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരന്‍ ഏറെക്കാലം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. 2009ല്‍ പ്രസ്റ്റീജ് മണ്ഡലമായ കോഴിക്കോടിനെച്ചൊല്ലി മുന്നണി വിടുമ്പോള്‍ അധികകാലം യുഡിഎഫില്‍ നില്‍ക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എഴുതിയെങ്കിലും ഏഴുകൊല്ലക്കാലം യുഡിഎഫില്‍ തുടരുകയും ഒടുവില്‍ അവസാന കാലത്ത് ഇടതുമുന്നണിയില്‍ തിരിച്ചെത്തുകയും ചെയ്തു.
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെ കേരളത്തില്‍ പരിചിത മുഖമായെങ്കിലും 1987ല്‍ കല്‍പറ്റ മണ്ഡലത്തില്‍ നിന്നാണ് വീരേന്ദ്രകുമാര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. മുന്നണി രാഷ്ട്രീയത്തില്‍ ഇടതിനോടായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മുന്നണിയുടെ ഭാഗമായി നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായി. എന്നാല്‍ വനത്തില്‍ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചുള്ള ഉത്തരവിറക്കിയത് വലിയ വിവാദം സൃഷ്ടിച്ചു. ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറിയതിനെ തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരനെ 38,703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ഇതോടെ ഇടതുമുന്നണിയില്‍ വീരേന്ദ്രകുമാര്‍ അനിഷേധ്യ സാന്നിധ്യമായി. പിന്നീട് നീണ്ട കുറേ വര്‍ഷങ്ങള്‍ കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വീരേന്ദ്രകുമാര്‍ സജീവസാന്നിധ്യമായി.
1996ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് രണ്ടാമതും വിജയിച്ചു. 1997 ഫെബ്രുവരി 21 മുതല്‍ 1997 ജൂണ്‍ 9 വരെ ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായി. 1997 ജൂണ്‍ 10 മുതല്‍ 1998 മാര്‍ച്ച് 19 വരെ ഐ കെ ഗുജ്‌റാള്‍ മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയോടെ തൊഴില്‍ സഹമന്ത്രി, നഗരവികസന മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിച്ചു.
2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാമതും കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കേരളത്തില്‍ ഇടതുമുന്നണി 20ല്‍ പതിനെട്ടും ദേശീയതലത്തില്‍ യുപിഎ അധികാരത്തിലേറിയതുമായ നിര്‍ണായക തെരഞ്ഞെടുപ്പായിരുന്നു അത്. ബുദ്ധന്റെ ചിരി ( ആണവ പരീക്ഷണത്തിനെതിരെയും മറ്റുമുള്ള ലേഖന സമാഹാരം ), ഗാട്ടും കാണാച്ചരടുകളും ( ഗാട്ട് കരാറിനെതിരെ ), രാമന്റെ ദുഖം ( ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ എഴുതിയത്) തുടങ്ങിയ കൃതികള്‍ ഇടതു സൈദ്ധാന്തിക മണ്ഡലത്തിലും വീരേന്ദ്രകുമാറിന് ഇടം നല്‍കി.
പിന്നീടാണ് ഇടതുമുന്നണിയിലെ സിപിഎമ്മുമായി വീരേന്ദ്രകുമാര്‍ ഇടഞ്ഞുതുടങ്ങുന്നത്. കോഴിക്കോട് ലോക്സഭ മണ്ഡലത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രസ്റ്റീജ് മണ്ഡലമായ കോഴിക്കോട് സീറ്റ് ഇടതു മുന്നണി നിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ചു. കൊല്ലം സീറ്റിനെച്ചൊല്ലി ആര്‍എസ്പിയും മുന്നണിവിട്ട സമയമായിരുന്നു അത്.
ജെഡിഎസിലെ ഒരു വിഭാഗം ഉറച്ചുനിന്നതോടെ വീരേന്ദ്രകുമാര്‍ നിതീഷ് കുമാറിന്റെ ജെഡിയു ആയി. പിണറായി വിജയന്റെയും സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെയും കടുത്ത വിമര്‍ശകനായി മാറി. സിപിഎമ്മിലെ വിഭാഗീയത മൂര്‍ച്ഛിച്ച കാലത്ത് വീരേന്ദ്രകുമാര്‍ എംഡിയായ മാതൃഭൂമി ഔദ്യോഗിക വിഭാഗത്തിനെതിരായിരുന്നുവെന്ന് അക്കാലത്ത് ഒദ്യോഗിക വിഭാഗം ആരോപിച്ചിരുന്നു. ഇക്കാരണവും പിണറായിയുമായി രാഷ്ട്രീയമായി അകലാന്‍ കാരണമായി.
2009ല്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമായെങ്കിലും മത്സരിച്ചില്ല. കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എംകെ രാഘവന്‍ മത്സരിക്കുകയും ചുരുങ്ങിയ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തത് മണ്ഡലത്തില്‍ എംപി വീരേന്ദ്രകുമാറിന്റെ സ്വാധീനം വെളിവാക്കുന്നതായെന്ന് രാഷ്ട്രീയ നിരീക്ഷകര് വിധിയെഴുതി.
2014ലാണ് എംപി വീരേന്ദ്രകുമാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും ഇറങ്ങുന്നത്. കോഴിക്കോട് വിട്ട് പാലക്കാടായിരുന്നു തട്ടകം. സിപിഎമ്മിലെ യുവനേതാവായ എംബി രാജേഷിനോട് ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അടിയായി. തോല്‍വി യുഡിഎഫ് ക്യാമ്പിനെയും ഇളക്കി മറിച്ചു. വീരേന്ദ്രകുമാര്‍ യുഡിഎഫുമായി ഇടഞ്ഞെങ്കിലും മുന്നണി വിട്ടില്ല. തോല്‍വിയുടെ കാരണം അന്വേഷിക്കാന്‍ യുഡിഎഫ് ബാലകൃഷ്ണ പിള്ള കമ്മീഷനെ നിയോഗിച്ചു. പിന്നീട് രാജ്യസഭ സീറ്റ് നല്‍കിയാണ് യുഡിഎഫ് വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ചത്.
സംഘടനാപരമായും പിന്നീട് തിരിച്ചടിയായിരുന്നു. ആദ്യം മോദിയോട് എതിര്‍ത്ത നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ എത്തിയതോടെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി അനിശ്ചിതത്വത്തിലായി. അങ്ങനെ ലോക് താന്ത്രിക് ജനതാദളിന്റെ അമരക്കാരനായി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മകന്‍ ശ്രേയാംസ് കുമാര്‍ മത്സരിച്ചെങ്കിലും തോറ്റു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഇടതുമുന്നണിയോട് വീണ്ടും അടുത്ത് തുടങ്ങി. ഇടതുമുന്നണിയുടെ വേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട വീരേന്ദ്രകുമാര്‍ പിണറായി വിജയനുമായും വേദി പങ്കിട്ടതോടെ മുന്നണിമാറ്റം ഏറെക്കുറെ ഉറപ്പായി. അങ്ങനെ 2018ല്‍ യുഡിഎഫ് വിട്ട് വീണ്ടും ഇടതുമുന്നണിയിലെത്തുകയും രാജ്യസഭ എംപിയാവുകയും ചെയ്തു. ഇതിനിടെ ജെഡിഎസുമായി ലയന ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലിച്ചില്ല.2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് സിപിഎമ്മിനെ തുണച്ചെങ്കിലും യുഡിഎഫ് തരംഗത്തില്‍ മുങ്ങിപ്പോയി.