
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.
സ്വന്തം പണം മുടക്കി, എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്. ലഹരി ഒഴുക്ക് തടയാൻ പോലും മതിയായ ഉദ്യോഗസ്ഥരില്ലാതിരിക്കെയാണ് എക്സൈസ് കമ്മീഷണറുടെ നിർദേശം. ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ് എക്സൈസ് കമ്മീഷണറുടെ വിചിത്ര നിർദേശം. എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. പൈലറ്റിനായി വാഹനം ഉപയോഹിച്ചാൽ എൻഫോഴ്സ്മെന്റ് ഡ്യൂട്ടികൾ തടസ്സപ്പെടില്ലേ എന്ന് യോഗത്തിൽ തന്നെ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.പൈലറ്റ് ഡ്യൂട്ടിയുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡ്യൂട്ടി ചെയ്യേണ്ടെന്നായിരുന്നു എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്റെ മറുപടി.
എക്സൈസ് കമ്മീഷണർ നിർദേശം കടുപ്പിച്ചതോടെ ഉദ്യോഗസ്ഥർ പിന്നെ മിണ്ടിയില്ല. ചട്ടങ്ങൾ മറിക്കടന്നുള്ള ഈ നിർദേശം എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. എക്സൈസ് ഓഫീസുകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. പ്ലാൻ ഫണ്ടിൽ പണമില്ലാത്ത കാര്യം ഉദ്യോഗസ്ഥർ സൂചിപ്പിച്ചപ്പോൾ സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ മറുപടി. മന്തിമാർക്കും ജനപ്രതിനിധികൾക്കും വിഐപികൾക്കും സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് മന്ത്രിമാർക്ക് പൈലറ്റ് നൽകാറുള്ളത്. ഈ ചട്ടങ്ങൾക്ക് വിഭിന്നമായാണ് എക്സൈസ് കമ്മീഷണറുടെ വിചിത്ര നിർദേശം.
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടം തിരിയുമ്പോഴാണ് എൻഫോഴ്സ്മെന്റ് ജോലികൾ തന്നെനിർത്തിവെച്ച് പൈലറ്റ് ഡ്യൂട്ടി ചെയ്യാനുള്ള കമ്മീഷണറുടെ നിർദേശം. ഈ നിർദ്ദേശത്തെ പറ്റി അറിയില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam