ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് വേണ്ട, രൂക്ഷ വിമര്‍ശനവുമായി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ

By Web TeamFirst Published Dec 5, 2020, 4:33 PM IST
Highlights

കിൻഫ്രാ പാർക്കിൽ സ്ഥാപിക്കുന്ന ആർജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നകാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് അറിയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് കേന്ദ്രസർക്കാർ, ആർഎസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കറിന്‍റെ പേര് നല്‍കാനെടുത്ത തീരുമാനം വിവാദത്തിൽ. കിൻഫ്രാ പാർക്കിൽ സ്ഥാപിക്കുന്ന ആർജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നകാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് അറിയിച്ചത്. തീരുമാനം പുറത്തുവന്നതോടെ രൂക്ഷ വിമർശനവുമായി സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്തെത്തി. 

വർഗ്ഗീയവിഭജനത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമമെന്ന് സിപിഎം ആരോപിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗ്ഗീയവാദിയുടെ പേരിടുന്നതിലൂടെ മതേതരപാരമ്പര്യമുള്ള കേരളത്തെ അപമാനിച്ചുവെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. കേരള സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിലെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തീരുമാനം പിൻവലിക്കണമെന്നും ഗോൾവാൾക്കറുടെ പേര് നൽകരുതെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

ആര്‍ജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോള്‍വക്കറുടെ പേര്; വര്‍ഗ്ഗീയ വിഭജനത്തിനുള്ള ശ്രമമെന്ന് എംഎ ബേബി

അതേ സമയം തീരുമാനം പിൻവലിക്കണമെന്നും രണ്ടാം സെൻററിനും രാജീവ് ഗാന്ധിയുടെ പേരിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കത്തയച്ചു. വർഗീയതയെന്ന രോഗം പ്രോത്സാഹിപ്പിച്ചതെല്ലാതെ ശാസ്ത്രത്തിന് എന്തു സംഭാവനയാണ് ഗോള്‍വാൾക്കർ നൽകിയതെന്ന് ശശിതരൂരും വിമർശിച്ചു. മതത്തിന് ശാസ്ത്രത്തിന് മേൽ അധീശത്വം വേണമെന്ന് പറഞ്ഞ ഹിറ്റ്ലർ ആരാധകനാണ് ഗോള്‍വാൾക്കർ. രാജീവ് ഗാന്ധി ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ ചരിത്രമറിയുന്നവർക്കറിയാമെന്നും ശശിതരൂർ ഫെയ്സ് ബുക്കിൽ കുറിച്ചു.  

കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പിഎ മജീദ് പ്രതികരിച്ചു.  ഇന്ത്യയിൽ വർഗ്ഗീയ രാഷ്ട്രീയം ആളിക്കത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ് എംഎസ് ഗോൾവാൾക്കർ. അതിനാല്‍ ഈ നീക്കം ചെറുത്തു തോൽപിക്കാൻ കേരളത്തിലെ എല്ലാ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. 

click me!