ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്; പ്രശ്‍ന പരിഹാര ചുമതല ഉണ്ടായിരുന്നത് മുഈന്‍ അലിക്ക്, കത്ത് പുറത്ത്

By Web TeamFirst Published Aug 6, 2021, 5:15 PM IST
Highlights

മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. മുഈനലി ഇന്നലെ ലീഗ് ഹൗസില്‍ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തൽ. 

കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്. ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാന്‍ മുഈന്‍ അലിയെ തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് പുറത്തുവന്നു. മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. മുഈന്‍ അലി പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായതോടെ, ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും ആയിരുന്നു നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ മുഈന്‍ അലിക്ക് ചന്ദ്രിക പത്രവുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. 

ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കു‌ഞ്ഞാലിക്കുട്ടിയാണ്. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും ആയിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനം. വിമര്‍ശനം വിവാദമായതിന് പിന്നാലെ മുഈന്‍ അലിയെ യൂത്ത്‍ലീഗ് ദേശിയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റുകയോ സസ്പെന്‍റ് ചെയ്യുകയോ ചെയ്തേക്കും. ഇതിന് മുന്നോടിയായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ പിതാവ് കൂടിയായ മുസ്ലിം‍ലീഗ് അധ്യക്ഷൻ ഹൈദരലി തങ്ങളെ സന്ദർശിച്ച് നടപടി ബോധ്യപ്പെടുത്തും. ഇക്കാര്യത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെയടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!