സസ്പെൻഷനോ പദവി നഷ്ടമോ? മുഈൻ അലിക്കെതിരെ നടപടി ഉറപ്പ്; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും

By Web TeamFirst Published Aug 7, 2021, 12:37 AM IST
Highlights

മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാൽ അച്ചടക്ക നടപടിയിൽ അദ്ദേഹത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടി വരും

മലപ്പുറം: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നിയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടിക്ക് സാധ്യത. മുഈനലി തങ്ങൾ ഉന്നയിച്ച വിമ‍ർശനമടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക. 

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായ  മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്. മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാൽ അച്ചടക്ക നടപടിയിൽ അദ്ദേഹത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കാനാണ് സാധ്യത. ഹൈദരലി  ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.

അതിനിടെ മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്ത് പുറത്ത് വന്നിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ മാർച്ച് മാസത്തിൽ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലിതങ്ങൾ കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.

ചന്ദ്രികമാനേജർ സമീറുമായി ആലോചിച്ച് പ്രശ്നങ്ങൾ മുഈനലി പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കത്തിൽ പറയുന്നത്. മുഈനലിക്കെതിരെ ലീഗ് നേതാക്കൾ നിരത്തുന്ന വാദമാണ് ഇതോടെ പൊളിയുന്നത്. നടപടി എടുത്ത ശേഷം, ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ച് നടപടി ബോധ്യപ്പെടുത്താനാണ് നേതാക്കളുടെ നീക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!