
തിരുവനന്തപുരം: ആര്‍എസ്എസ് മനസില്ലാത്ത മതനിരപേക്ഷ കോൺഗ്രസുകാർ വായിക്കാൻ എന്ന് കുറിച്ചുകൊണ്ട് തുറന്ന കത്തുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ രാജിവെച്ചിരിക്കുകയാണ്. അണ്ടർ 22 സംസ്‌ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയായ കിരൺ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാർത്തകൾ.
കേരളത്തിലെ സിപിഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത ഈ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കാൻ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് റിയാസ് കുറിച്ചു.
എസ് എം കൃഷ്ണ (കർണാടക), ദിഗംബർ കാമത്ത് (ഗോവ), വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്), എൻ ഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചൽ പ്രദേശ് ), ബിരേൻ സിംഗ് ( മണിപ്പൂർ), ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്) എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം. ബിജെപി വിരുദ്ധ ചേരി ദുർബലമാവരുത് എന്നതിനാൽ പറയേണ്ടിവരുന്നതാണ്.
ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് സിപിഎമ്മുകാരെന്നും റിയാസ് പറഞ്ഞു. എന്നാൽ 2018 ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട് ബിജെപിയാണ് അധികാരത്തിൽ വന്നതെന്നറിഞ്ഞിട്ടും ആ തോൽവിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോൺഗ്രസുകാരുടെയും രാഷ്ട്രീയ നിലപാട്. മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം.
എന്നാൽ നേമത്ത് സിപിഎം ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ തുള്ളിച്ചാടാൻ നിങ്ങളിൽ സന്തോഷം കണ്ടില്ല. ഇതാണ് തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം. കിരൺ കുമാർ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും, പറ്റുമെങ്കിൽ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിർത്താനുമുള്ള എന്തെങ്കിലും ഇടപെടൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam