Latest Videos

മകളുടെ കരാട്ടെ ക്ലാസിനും സർക്കാർ വണ്ടി!മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം യഥേഷ്ടം സ്വകാര്യാവശ്യത്തിന്

By Web TeamFirst Published Jan 7, 2023, 9:05 AM IST
Highlights

മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സർക്കാർ ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റയില്‍.

തിരുവനന്തപുരം : ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നഗരത്തിൽ യഥേഷ്ടമോടുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സർക്കാർ ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റയിലാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത് . ഔദ്യോഗിക വാഹനത്തിൻറെ ദുരുപയോഗത്തിൻറെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സർക്കാർ വാഹനം അനുവദിച്ചിരിക്കുന്നത് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിനാണ്. മരുതംകുഴി മീന്‍ മാര്‍ക്കറ്റിലും നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസ് ക്യാന്‍റീനിലും ആയുര്‍വേദ കോളേജിലും എന്നുവേണ്ട പ്രൈവറ്റ് സെക്രട്ടറിയില്ലാതെ പല ഇടങ്ങളിലും സ്വകാര്യ ആവശ്യങ്ങൾക്കായി ഈ വാഹനം വരാറുണ്ടെന്ന് പല തവണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടന്നത്.

 'സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കില്ല, അന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചു', ആരോപണവുമായി സഹോദരൻ

കഴിഞ്ഞ ദിവസം 4.45 തോടെയാണ് ഈ വാഹനം മ്യൂസിയത്തിന് മുന്നിലൂടെ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്കൂള്‍ കലോത്സവത്തില്‍ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് ഈ വാഹനം തലസ്ഥാന നഗരിയില്‍ യഥേഷ്ടം ഓടുന്നത്. സർക്കാർ വാഹനം ആദ്യം പോയത് ശാസ്തമംഗലത്ത് പികെ ശബരീഷ് താമസിക്കുന്ന ഫ്ലാറ്റിലേക്കായിരുന്നു.  അപ്പോള്‍ സമയം വൈകീട്ട് അഞ്ചുമണി.  5.15 ആയപ്പോള്‍ വാഹനം പുറത്തേക്ക് വന്നു. മന്ത്രി റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്‍റെ ഔദ്യോഗിക യാത്രയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കൊടുത്ത വാഹനം കവടിയാറും പിഎംജിയും കഴിഞ്ഞ് മുന്നോട്ട് പോയി ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്സിനടുത്താണ്. വാഹനത്തിന്റെ പിറകില്‍ നിന്ന് ശബരീഷിന്‍റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റില്‍ നിന്ന് കരാട്ടെ യൂണിഫോംധരിച്ച് ശബരീഷിൻറെ മകളുമിറങ്ങി. സമയം 5.30. മകളെയും ഭാര്യാപിതാവിനെയും ഇറക്കിയശേഷം നേരെ മന്ത്രിയുടെ ഓഫീസായ സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലേക്ക്പോയി. അതിന് ശേഷം സമയം 7 മണി കഴിഞ്ഞപ്പോൾ വാഹനം പുറത്തേക്ക് വന്നു. വാഹനം വീണ്ടും പിഎംജിക്ക് അടുത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിന് മുന്നിലെത്തി. 

സർക്കാർ വാഹനം അനുവദിക്കുന്ന വ്യക്തിക്ക് സ്വകാര്യ ആവശ്യത്തിനു പണമടച്ച് ഉപയോഗിക്കാൻ വ്യവസ്ഥയുണ്ട്. പക്ഷെ ഇവിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ശബരീഷ് കോഴിക്കോട് ഉള്ളപ്പോഴാണ് ഭാര്യാപിതാവ് ഇങ്ങനെ കുടുംബ വാഹനം പോലെ ഇഷ്ടം പോലെ ഉപയോഗിക്കുന്നത്.

 

click me!