
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന്‍റെ വെടിവെയ്പ് പരിശീലനത്തിനിടെ വീട്ടിലെ സ്വീകരണമുറിയിലേക്ക് തുളച്ച് കയറി വെടിയുണ്ടയില്‍ നിന്ന് ഏഴ് വയസ്സുള്ള കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. രാവിലെ കുട്ടിയെയും കൊണ്ട് കുടുംബം ആശുപത്രിയില്‍ പോയ സമയത്തായിരുന്നു ഒന്നര കിലോമീറ്റര്‍ അകലെയുളള ഫയറിംഗ് റേഞ്ചില്‍ നിന്ന് മേല്‍ക്കുര തുളച്ച് എകെ 47 തോക്കില്‍ നിന്നുള്ള വെടിയുണ്ട എത്തിയത്. അഞ്ച് വര്‍ഷം മുന്‍പ് സമീപത്തെ വീട്ടിലെ ജനല്‍ ചില്ല തുളച്ച് വെടിയുണ്ട എത്തിയ സംഭവം ഉണ്ടായിരുന്നു.
മലയിൻകീഴ് കുന്നുവിള ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ആനന്ദും കുടുംബവും .രാവിലെ ഏഴ് വയസ്സുള്ള മകളെയും കൊണ്ട് ആശുപത്രിയിൽ പോയി. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മുക്കുന്നിമലയിലെ വ്യോമസേനയുടെ ഫയറിംഗ് റേഞ്ചിൽ നിന്നും പാഞ്ഞെത്തിയ വെടിയുണ്ട സ്വീകരണമുറിയിലെ സോഫയിൽ കാണുന്നത്.
വ്യോമസേനയുടെ കീഴിലുള്ള വെടിവെയ്പ് പരിശീലന കേന്ദ്രമാണെങ്കിലും മറ്റ് സേനകളും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറ് മണിമുതൽ തിരുവനന്തപുരം റൂറൽ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഇവിടെ നടന്നത്.വീട്ടുകാര്‍ ഉടന്‍ തന്നെ മലയന്‍കീഴ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പൊലീസ് എത്തി വെടിയുണ്ട കസ്റ്റഡിയിലെടുത്തു. എകെ 47 തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയെന്നാണ് വ്യക്തമായത്. ബാലിസ്റ്റിക് പരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വര്‍ഷം മുന്‍പ് സമീപത്തെ വീടിന്‍റെ ജനൽ ചില്ല് തുളച്ച് വെടിയുണ്ട അകത്ത് കയറിയിരുന്നു.അന്ന് സൈനികരുടെ പരിശീലന സമയത്താണ് ഉന്നം തെറ്റിയുള്ള വെടിയുണ്ടയുടെ വരവ്.
Read More: തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam