രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി പേരിൽ 200 ഏക്കർ ഭൂമിയുണ്ടെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Nov 21, 2020, 11:26 AM IST
Highlights

ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് നിമിഷവും ജയിലിൽ പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ സാധിക്കില്ല. പിണറായി സർക്കാരിൻ്റെ അഴിമതി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇടതു മുന്നണി നാല് തവണ അന്വേഷിച്ച് ക്ലീൻ ചിറ്റ് കൊടുത്ത കേസാണ് വീണ്ടും അന്വേഷിക്കുന്നത് - സോളാർ - ബാർകോഴ കേസുകൾ വീണ്ടും സജീവമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് മുല്ലപ്പള്ളി പറഞ്ഞു. 

ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് ചോദിച്ച മുല്ലപ്പള്ളി രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോയെന്നും ചോദിച്ചു. ആരോപണം ഉന്നയിച്ച് ഈ മന്ത്രിമാർ ആരാണെന്ന് വ്യക്തമായ സൂചനയുണ്ടെന്നും എന്നാൽ തെളിവില്ലാതെ അതു പറയുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗ് ജില്ലയിൽ രണ്ട് മന്ത്രിമാർക്ക് കണ്ണൂർ സ്വദേശിയായ ബിനാമിയുടെ പേരിൽ 200 ഏക്കർ ഭൂമിയുണ്ടെന്നാണ് ഒരു മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മുലല്പ്പള്ളി ആരോപിക്കുന്നത്. 
 

click me!